ഐസ്ക്രിം കറുത്തതായും വെളുത്തതായാലും എന്തെങ്കിലും വ്യത്യാസമുണ്ടോ? നിറം മാറിയാൽ ഐസ്ക്രീമിൻ്റെ ഗുണം മാറുമോ? മാറുമെന്നാണ്ഫിൻലൻഡുകാർ പറയുന്നത്. വേനൽക്കാലം തുടങ്ങുമ്പോഴേക്കും അവർ എല്ലാവരും കഴിക്കുന്ന ഒരു ഐസ്ക്രീമുണ്ട്, ചുമയ്ക്കും കഫത്തിനുമെല്ലാം ബെസ്റ്റാണ് ഇത് എന്നവർ വിശ്വസിക്കുന്നു.Black Ice Cream with Navasaram
കറുത്ത നിറമാണ് ഈ ഐസ്ക്രീമിന്. ഇരട്ടിമധുരത്തിൽ നിന്നും ഉണ്ടാക്കുന്ന ബ്ലാക്ക് ലിക്കറിഷും അമോണിയം ക്ലോറൈഡും ചേർത്താണ് ഇത് ഉണ്ടാക്കുന്നത്.
ഉപ്പു രുചിയും നാവിൽ ചെറിയ തരിപ്പുമെല്ലാമാണ് ഇത് കഴിക്കുമ്പോൾ അനുഭവപ്പെടുക. ഫേസർ എന്ന പ്രമുഖ കാൻഡി കമ്പനി, ഇതിൻറെ പല വെറൈറ്റികൾ വിപണിയിൽ ഇറക്കുന്നുണ്ട്. ലിക്കറിഷ് കാൻഡിയായും സ്കൂപ്പുകളായും ഐസ്ക്രീം ബാറുകൾ ആയുമെല്ലാം ഇത് കിട്ടും.
ഹൈഡ്രോക്ലോറിക് ആസിഡിൻറെയും അമോണിയയുടെയും പ്രതിപ്രവർത്തനത്തിൽ നിന്നുള്ള ഉൽപന്നമാണ്, നവസാരം എന്നുകൂടി അറിയപ്പെടുന്ന അമോണിയം ക്ലോറൈഡ്. ഇതിൻറെ ലായിനിക്ക് നേരിയ അമ്ലസ്വഭാവമാണുള്ളത്.
ഇത് പ്രധാനമായും രാസവളങ്ങളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നു. ചിലതരം മദ്യങ്ങളിൽ സുഗന്ധത്തിനായുള്ള ഏജന്റായും ഉപയോഗിക്കുന്നുണ്ട്. ബേക്കറി ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിൽ മുൻകാലങ്ങളിൽ അമോണിയം ക്ലോറൈഡ് അടങ്ങിയ സാൽ അമോണിയാക്ക് എന്ന ധാതു ഉപയോഗിച്ചിരുന്നു.
ഇതു കൂടാതെ, കഫ് സിറപ്പ് നിർമാണത്തിൽ അമോണിയം ക്ലോറൈഡ് ഒരു എക്സ്പെക്ടറൻ്റായി ഉപയോഗിക്കുന്നു. കഫം ഒട്ടിപ്പിടിക്കുന്നത് കുറച്ച്, ശ്വാസനാളം ക്ലിയർ ആക്കാൻ ഇതിനു കഴിവുണ്ട്. ഇക്കാരണം കൊണ്ടാണ് ഒരു ഒറ്റമൂലി പോലെ ഫിൻലൻഡുകാർ ഈ ഐസ്ക്രീം വാങ്ങി കഴിക്കുന്നത്.