പാലക്കാട്: ആളുമാറി അറസ്റ്റ് ചെയ്ത വയോധിക പൊലീസിനെതിരെ നിയമ നടപടിക്ക്. വീട് അക്രമിച്ചെന്ന കേസില്‍ കുറ്റവിമുക്തയായ ആലത്തൂര്‍ സ്വദേശി കുനിശ്ശേരി മഠത്തില്‍ വീട്ടില്‍ ഭാരതിയമ്മയാണ് പൊലീസിനെതിരെ നിയമനടപടിക്ക് പോകുന്നത്. പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരതര വീഴ്ചക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് ഭാരതിയമ്മയുടെ അഭിഭാഷകന്‍ പറഞ്ഞു. പൊലീസിനെതിരെ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കുമെന്ന് ഭാരതിയമ്മയുടെ മക്കളും അറിയിച്ചു.
നാലു വര്‍ഷം ഭാരതിയമ്മക്ക് ഉണ്ടായിട്ടുളള നഷ്ടത്തിന് പൊലീസോ ബന്ധപ്പെട്ട വകുപ്പോ നഷ്ടപരിഹാരം നല്‍കണം. ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണം. ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ കണ്ടെത്താന്‍ പൊലീസ് തയ്യാറാവണമെന്നും കുടുംബം ആവശ്യപ്പെട്ടു.
1998ല്‍ എടുത്ത കേസിലാണ് ഭാരതിയമ്മ കുറ്റവിമുക്തയായത്. വെണ്ണക്കര സ്വദേശിയായ രാജഗോപാലിന്റെ വീട്ടില്‍ ജോലിക്കെത്തിയ സ്ത്രീക്കെതിരെ ചുമത്തിയ കേസാണ് ഭാരതിയമ്മയെ കുടുക്കിയത്. ഇനി ജോലിക്ക് വരേണ്ടതില്ലെന്ന് പറഞ്ഞതില്‍ പ്രതിഷേധിച്ച് വീട്ടുജോലിക്കാരി വീട്ടിലെ ചെടിച്ചട്ടിയും ജനല്‍ചില്ലും തകര്‍ത്തു, അസഭ്യം വിളിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വീട്ടുടമയായ രാജഗോപാല്‍ പാലക്കാട് സൗത്ത് പൊലീസില്‍ പരാതി നല്‍കി.
പൊലീസ് അറസ്റ്റ് ചെയ്ത സമയത്ത് ഭാരതിയമ്മ എന്നായിരുന്നു വീട്ടുജോലിക്കാരി നല്‍കിയിരുന്ന പേര്. വീട്ടുപേര് യഥാര്‍ത്ഥ ഭാരതിയമ്മയുടേതും നല്‍കി. തുടര്‍ന്ന് ജാമ്യത്തിലിറങ്ങിയ വീട്ടുജോലിക്കാരി ഒളിവില്‍ പോയി. കേസ് അന്വേഷിച്ച പൊലീസ് 20 വര്‍ഷത്തിന് ശേഷം പൊലീസ് വീട്ടുവിലാസത്തില്‍ ഭാരതിയമ്മയെ അന്വേഷിച്ചെത്തി. ചെയ്യാത്ത കുറ്റത്തിന് പിറ്റേന്ന് കോടതിയില്‍ ഹാജരായി.
നാലു വര്‍ഷത്തിനിടയ്ക്ക് മൂന്നും നാലും തവണ കോടതി കയറിയിറങ്ങിയെന്നും ഭാരതിയമ്മ പറയുന്നു. പ്രതിയുടെ പേര് ഭാരതിയമ്മ എന്നാണെന്നും ഒരേ വിലാസമാണെന്നുമാണ് പാലക്കാട് സൗത്ത് പൊലീസ് പറയുന്നത്. ഈ ചൊവ്വാഴ്ച പരാതിക്കാരന്‍ നേരിട്ട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായി ഇതല്ല പ്രതിയെന്ന് മൊഴി നല്‍കിയതോടെയാണ് ഭാരതിയമ്മ രക്ഷപ്പെട്ടത്. പരാതിയില്ലെന്നും കേസുമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ലെന്നും പരാതിക്കാരന്‍ പറഞ്ഞിരുന്നു.