ബംഗളുരുവിൽ രണ്ടു യുവതികളെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ കേരളത്തിലെത്തി അറസ്റ്റ് ചെയ്ത് ബെംഗളൂരു പൊലീസ്. ബെംഗളൂരുവിലെ കാർ ഷോറൂമിൽ ഡ്രൈവറായ സന്തോഷിനെ (26) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് സംസ്ഥാനങ്ങളിലായി ഒരാഴ്ചയോളം നീണ്ടുനിന്ന അന്വേഷണം നടത്തിയ ശേഷമാണ് സന്തോഷിനെ അറസ്റ്റ് ചെയ്തത്.
ബെംഗളൂരുവിലെ ബിടിഎം ലേഔട്ടിന് സമീപം കഴിഞ്ഞ ദിവസമാണ് സന്തോഷ് രണ്ടു യുവതികളെ ലൈംഗികമായി പീഡിപ്പിച്ചത്. യുവതികളെ ഒരാൾ പിന്തുടരുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.
എന്നാൽ, ദൃശ്യങ്ങളിൽ വ്യക്തതയില്ലാത്തതിനാൽ കേസന്വേഷണത്തിൽ വലിയ പ്രതിസന്ധി നേരിട്ടിരുന്നു. തുടർന്ന് അന്വേഷണസംഘത്തിന്റെ നേതൃത്വത്തിൽ 700 സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് പരിശോധിച്ചത്. യുവതികളെ ആക്രമിച്ച ശേഷം പ്രതി സംഭവസ്ഥലത്തുനിന്നു മുങ്ങിയിരുന്നു.
ബെംഗളൂരുവിൽനിന്ന് തമിഴ്‌നാട്ടിലെ ഹൊസൂരിലേക്കാണ് പ്രതി സന്തോഷ് ആദ്യം കടന്നത്. തുടർന്ന് സേലത്തേക്കും പിന്നീട് കോഴിക്കോട്ടേക്കും രക്ഷപ്പെടുകയായിരുന്നു. മൂന്നു സംസ്ഥാനങ്ങളിലായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൊലീസ് സന്തോഷിലേക്ക് എത്തിയത്.