മനുഷ്യന്റെ വികാസത്തിനൊപ്പം അവരുടെ ജീവിത രീതികളും ശൈലികളും മാറിയതോടെ പേരറിയാത്ത രോഗങ്ങളും ഒപ്പം എത്തിയിട്ടുണ്ട്. ഇതിനനുസരിച്ച് മരുന്നുകളും ചികിത്സാ രീതികളിലും മാറ്റം വന്നു. രോഗത്തിന്റെ തീവ്രത വര്‍ദ്ധിച്ചപ്പോള്‍ രോഗികളുടെ എണ്ണവും കൂടി. “Bengali doctor workers” proliferate; 250 complaints in one year
എന്നാല്‍, ആശുപത്രികളുടെയോ വിദഗ്ദ്ധ ഡോക്ടര്‍മാരുടെയോ എണ്ണം വര്‍ദ്ധിക്കുന്നില്ല എന്നതാണ് വസ്തുത. പക്ഷെ, ഡോക്ടര്‍മാര്‍ക്ക് ഒരു പഞ്ഞവുമില്ലെന്നാണ് സമീപകാല സംഭവങ്ങള്‍ കാണിച്ചു തരുന്നത്. മുറുക്കാന്‍ കടകള്‍ പോലെ ക്ലിനിക്കുകള്‍ ആരംഭിക്കുന്നത് അംഗീകൃത ഡോക്ടര്‍മാരാണോ എന്ന സംശയം ഉയര്‍ന്നു കഴിഞ്ഞു.
മാത്രമല്ല, ഇന്റര്‍നെറ്റിന്റെ ഉപയോഗം വര്‍ദ്ധിച്ചതോടെ എല്ലാത്തരം ക്രിമിനല്‍ ആക്ടിവിറ്റികളും ശക്തമായി തിരിച്ചു വന്നുകഴിഞ്ഞു. ഡോക്ടര്‍ അല്ലാത്തൊരാള്‍ ഒരു രോഗിയെ ചികിത്സിച്ചാല്‍ എന്തായിരിക്കും ഫലം എന്നത് ചിന്തിക്കാന്‍ പോലും കഴിയില്ല.
അപ്പോള്‍, ഇക്കാലത്ത്, വ്യാജ ഡോക്ടര്‍മാരായി വിലസുന്നവരുടെ കാര്യം ആലോചിച്ചു നോക്കൂ. ഒരു രോഗിയുടെ ജീവന്‍വെച്ചാണ് ഇത്തരക്കാര്‍ കളിക്കുന്നത്. ഓണ്‍ലൈന്‍ വഴി ഡോഗ നിര്‍ണ്ണയവും, ചികിത്സയും, മരുന്നുമെല്ലാം നല്‍കി പറ്റിക്കുന്ന നിരവധി വ്യാജ ഡോക്ടര്‍മാര്‍ നിലവിലുണ്ട്. ഇവരെ കണ്ടെത്താനോ, ഇവര്‍ക്കെതിരേ നടപടി എടുക്കാനോ പരിമിതികളുണ്ട്.
എങ്കിലും സൈബര്‍ പോലീസ് കാര്യമായ ഇടപെടല്‍ ഈ മേഖലയില്‍ നടത്തുന്നുണ്ടെന്നാണ് അറിവ്. പക്ഷെ, എല്ലാ ജില്ലകളിലും വ്യാജ ഡോക്ടര്‍മാര്‍ പിടിമുറുക്കിയിട്ടുണ്ടെന്നത് നഗ്നസത്യമാണ്. എന്നാല്‍, പ്രബുദ്ധരായ കേരളീയരെ ആണല്ലോ ഈ പറ്റിക്കുന്നതെന്ന് ഓര്‍ക്കുമ്പോഴാണ് കഷ്ടം തോന്നുന്നത്.
ആരോഗ്യ സൂചികകളിലും പൊതുജനാരോഗ്യ നിലവാരത്തിലും വികസിത രാജ്യങ്ങളുടെ നിലവാരത്തിലേക്ക് എത്തിയ കേരളമെന്ന് ഭരണകൂടം അവകാശപ്പെടുമ്പോഴാണ് വ്യാജ ഡോക്ടര്‍മാരുടെ ഈ വിലസല്‍ നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
കേവലം പ്രീ ഡിഗ്രി മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ വരെ ഹൃദ്ദ്രോഗത്തിന് ചികിത്സ നല്‍കുന്ന ഡോക്ടര്‍മാരായി മാറുന്നുണ്ട്. പൊള്ളാച്ചിയില്‍ ഡോക്ടര്‍ ചമഞ്ഞ് ചികിത്സിക്കുന്നതിനിടയില്‍ പിടിയിലായ എറണാകുളം സ്വദേശി നാരക്കോവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നടത്തിവരമ്പോള്‍ പിടിയിലായിരുന്നു. തിരുവനന്തപുരത്തുകാരനായ രതീഷ് എന്നൊരു ഡോക്ടറുടെ രജിസ്‌ട്രേഷന്‍ നമ്പറാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്. വ്യാ ഡോക്ടറായ രതീഷ് ജയില്‍മോചിതനായ ശേഷമാണ് നാരക്കോവില്‍ എത്തിയത്
അമിതവണ്ണം കുറയ്ക്കാൻ എത്തിയ യുവതിക്ക് കൊച്ചിയിൽ വ്യാജ ഡോക്ടർ നടത്തിയ സർജറി മൂലം ജീവൻ അപകടത്തിലായ സംഭവം നടന്നിട്ട് ഒരു മാസമാകുന്നു. കീഹോൾ സർജറിയും ഓപ്പൺ സർജറിയും നടത്താൻ വിദഗ്ധനാണെന്ന് അവകാശപ്പെട്ട സജു സഞ്ജീവനെന്ന വ്യാജനെ കടവന്ത്ര പോലിസ് പിടികൂടി.
ഇതിന് പിന്നാലെ കഴിഞ്ഞ ആഴ്ച്ചയാണ് വ്യാജൻ്റെ ചികിത്സ മൂലം കോഴിക്കോട്ട് ഒരു ഡോക്ടറുടെ തന്നെ പിതാവ് മരണപ്പെട്ടത്. നെഞ്ചുവേദനയുമായി എത്തിയ 57കാരനായ രോഗിക്ക് കൃത്യമായ ചികിത്സ ലഭിക്കാതെ മരിക്കാനിടയായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അബു ഏബ്രഹാം ലൂക്ക് എന്ന വ്യാജൻ പിടിയിലായത്. എംബിബിഎസ് പരീക്ഷ പാസാകാത്ത ഇയാൾ മറ്റൊരാളുടെ രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ചാണ് ചികിത്സ നടത്തിപ്പോന്നത്.
മികച്ച ചികിത്സാ സംവിധാനങ്ങളും ആരോഗ്യ നിലവാരവും പുലർത്തുന്ന കേരളത്തിലാണ് വ്യാജന്മാരുടെ വിളയാട്ടം. കഴിഞ്ഞ വർഷം മാത്രം 250ലധികം പരാതികളാണ് വ്യാജ ഡോക്ടർമാരെക്കുറിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ്റെ (ഐഎംഎ) ക്വാക്ക് (Quack) സെല്ലിൽ ലഭിച്ചതെന്ന് മുൻ പ്രസിഡൻ്റ് ഡോ.സുൾഫി പറഞ്ഞു. വിദേശത്ത് പഠിച്ചവർ, പാരാമെഡിക്കൽ സ്റ്റാഫുകൾ, പാതിവഴിയിൽ പഠനം ഉപേക്ഷിച്ച മെഡിക്കൽ വിദ്യാർത്ഥികൾ, ലാബ് ടെക്നീഷ്യന്മാർ, നേഴ്സിംഗ് പഠിച്ചവരൊക്കെയാണ് വ്യാജമായി ഡോക്ടർമായി പ്രാക്ടീസ് ചെയ്യുന്നത്.
പ്രതിവർഷം കേരളത്തിൽ 7000ലധികം പേർ എംബിബിഎസ് പാസായി സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്നുണ്ട്. ചില സ്വകാര്യ ആശുപത്രികളാണ് വ്യാജന്മാരെ കുറഞ്ഞ ശമ്പളത്തിൽ നിയമിക്കുന്നത്. കോഴിക്കോട് ആശുപത്രിയിൽ ചികിത്സ നടത്തിയ അബു ഏബ്രഹാം ലൂക്കിൻ്റെ യോഗ്യതാ സർട്ടിഫിക്കറ്റ് പോലും പരിശോധിച്ചിട്ടില്ലെന്ന് ആശുപത്രി ഉടമ മാധ്യമങ്ങൾക്ക് മുമ്പിൽ തുറന്ന് പറഞ്ഞിരുന്നു.
സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്ന ഡോക്ടർമാരുടെ യോഗ്യതാ സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ നിലവിൽ സംവിധാനങ്ങൾ ഒന്നുമില്ല. അതുകൊണ്ട് തന്നെ ഇവരെ പിടിക്കാൻ സർക്കാരിനും കഴിയാറില്ല. ഐഎംഎക്ക് കിട്ടുന്ന പരാതികൾ പോലീസിന് കൈമാറുകയാണ് പതിവ്. അവർ മിക്കപ്പോഴും വേണ്ട പോലെ ഇടപെടാറുമില്ല. വ്യാജന്മാരുടെ കാര്യത്തിൽ സർക്കാരിന് കൃത്യമായ നയമോ, നിലപാടോ ഇല്ലെന്നാണ് വർദ്ധിച്ചു വരുന്ന ഇത്തരം സംഭവങ്ങൾ തെളിയുന്നത്.
വിദേശ സർവകലാശാലകളിൽ നിന്ന് പഠിച്ചു വന്ന മെഡിക്കൽ വിദ്യാർത്ഥികളിൽ 10 ശതമാനം പേർ പോലും ഇന്ത്യൻ മെഡിക്കൽ കൗൺസിൽ (ഐഎംസി) നടത്തുന്ന യോഗ്യതാ പരീക്ഷ പാസാവാറില്ല. ഇത്തരക്കാരെ മുതിർന്ന ഡോക്ടർമാർ നടത്തുന്ന ആശുപത്രികളിൽ കുറഞ്ഞ വേതനത്തിൽ ക്വാഷ്വാലിറ്റിയിലും മറ്റും ജോലിക്ക് നിയമിക്കാറുണ്ട്. ഇവരെ ‘ബംഗാളി ഡോക്ടർ തൊഴിലാളി’ എന്നാണ് മറ്റ് ഡോക്ടർമാർ കളിയാക്കി വിളിക്കുന്നത്. 15,000 രൂപയാണ് പരമാവധി ഇവർക്ക് നല്കുന്നത്.
ഡോക്ടർമാരുടെ സമഗ്രവിവരങ്ങൾ ഉൾപ്പെടുത്തി മെഡിക്കൽ പോർട്ടലിന് രൂപം കൊടുക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ കൌൺസിൽ ഏറെക്കാലമായി പറയുന്നുണ്ടെങ്കിലും നടപടികൾ ഇനിയും ആരംഭിച്ചിട്ടില്ല. 13 ലക്ഷത്തിലധികം ഡോക്ടർമാർ രാജ്യത്ത് പ്രാക്ടീസ് ചെയ്യുന്നുണ്ടെന്നാണ് ഏകദേശ കണക്ക്.