കൊല്‍ക്കത്ത: ബംഗാള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് അക്രമങ്ങള്‍ക്ക് മുഖ്യമന്ത്രി മമത ബാനര്‍ജിയും സര്‍ക്കാരും ഉത്തരവാദികളാണെന്ന് ചലച്ചിത്ര പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ അപര്‍ണ സെന്‍. മമതക്ക് എഴുതിയ തുറന്ന കത്തിലാണ് അപര്‍ണ സെന്‍ ആരോപണങ്ങള്‍ ഉന്നയിച്ചത്. 52 പേരാണ് അക്രമങ്ങളില്‍ കൊല്ലപ്പെട്ടതെന്ന് കത്തില്‍ പറയുന്നു. അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ഡെമോക്രാറ്റിക് റൈറ്റ്‌സ് വ്യാഴാഴ്ച സംഘടിപ്പിച്ച പരിപാടിയിലാണ് സെന്‍ കത്ത് വായിച്ചത്.
‘നിങ്ങള്‍ പശ്ചിമ ബംഗാളിന്റെ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തത്തിന് മേല്‍നോട്ടം വഹിക്കാതെയാണ് തിരഞ്ഞെടുപ്പ് നടന്നത്. അന്ന് നടന്ന കൊലപാതകങ്ങളുടെ പ്രാഥമിക ഉത്തരവാദിത്തം ബംഗാള്‍ സര്‍ക്കാരിനാണ്. ആഭ്യന്തര മന്ത്രി എന്ന നിലയില്‍ മമതക്ക് ഉത്തരവാദിത്തം നിഷേധിക്കാനാവില്ല’. കത്തില്‍ അപര്‍ണ സെന്‍ പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ സംഘര്‍ഷങ്ങളുണ്ടാകാന്‍ കാരണം കേന്ദ്രസേനയെ വേണ്ടവിധം വിന്യസിക്കാത്തതാണെന്ന് ബിജെപി ആരോപിച്ചിരുന്നു. സംഘര്‍ഷസാധ്യതാ പ്രദേശങ്ങളില്‍ കേന്ദ്രസേനയെ വിന്യസിച്ചിരുന്നെങ്കില്‍ ഇത്രയധികം ആക്രമണങ്ങളുണ്ടാകില്ലായിരുന്നു എന്നും ജനങ്ങള്‍ക്ക് ഭീതി കൂടാതെ വോട്ടവകാശം വിനിയോഗിക്കാന്‍ കഴിയുമായിരുന്നു എന്നുമാണ് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ദിലീപ് ഘോഷ് പറഞ്ഞത്.