ന്യൂഡല്‍ഹി: ഗുസ്തിതാരങ്ങള്‍ക്ക് നേരെയുള്ള ലൈഗികാതിക്രമ കേസില്‍ ജാമ്യം നേടി പാര്‍ലമെന്റിലെത്തിയ ബ്രിജ് ഭുഷണ്‍ ശരണ്‍ സിങ്ങിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. കുറ്റാരോപിതനായ ബിജെപി എംപി വിജയാഘോഷവുമായാണ് വ്യാഴാഴ്ച പാര്‍ലമെന്റിലേക്ക് എത്തിയതെന്നു മഹുവ ഫോട്ടോ സഹിതം ട്വീറ്റ് ചെയ്തു. ഈ ചിത്രം കാണുമ്പോള്‍ ഗുസ്തി താരങ്ങളുടെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് മൗനഗുരുവായ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ മനഃസാക്ഷിയോട് ചോദിക്കണമെന്നും മഹുവ പറഞ്ഞു.
ഹര്‍ജിയില്‍ വാദം കേള്‍ക്കവെ കോടതിയില്‍ ഡല്‍ഹി പൊലീസ് ജ്യാമം എതിര്‍ത്തില്ലെന്നും മഹുവ പറയുന്നു. ട്വീറ്റ് ചെയ്ത ചിത്രത്തില്‍ ബ്രിജ് ഭുഷണ്‍ ചിരിച്ചു നില്‍ക്കുന്നതു കാണാം.
ലൈംഗികാതിക്രമക്കേസില്‍ വ്യാഴാഴ്ചയാണ് 25,000 രൂപയുടെ ജ്യാമത്തില്‍ ബ്രിജ് ഭൂഷണെ കോടതി വിട്ടയച്ചത്. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഗുസ്തി ഫെഡറേഷന്‍ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനും കോടതി ജാമ്യം അനുവദിച്ചിരുന്നു. മുന്‍കൂര്‍ അനുമതി ഇല്ലാതെ രാജ്യം വിട്ടുപോകരുതെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.