ക്വിറ്റോ (ഇക്വഡോര്‍): മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയശേഷം ശവപ്പെട്ടിയില്‍നിന്ന് ‘ഉയിര്‍ത്തെഴുന്നേറ്റ’ എഴുപത്തിയാറുകാരി മരിച്ചു. ഏഴുദിവസം ഐസിയുവില്‍ ചികിത്സയില്‍ കഴിഞ്ഞശേഷമാണ് ബെല്ല മൊണ്ടോയ മരിച്ചതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇക്വഡോറിലെ ബാബാഹോയോ നഗരത്തിലാണ് സംഭവം.
ഐസിയുവില്‍ കഴിയവെ ബെല്ല മൊണ്ടോയയ്ക്ക് പക്ഷാഘാതം സംഭവിക്കുകയായിരുന്നുവെന്ന് ഇക്വഡോര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 16നാണ് അവര്‍ മരിച്ചത്. ‘ഉയിര്‍ത്തെഴുന്നേറ്റ’ അതേ സെമിത്തേരിയില്‍ എത്തിച്ച് അവരുടെ സംസ്‌കാരം നടത്തി. കാറ്റെലെപ്‌സി എന്ന അവസ്ഥയാണ് അവര്‍ക്ക് ഉണ്ടായതെന്ന് പ്രാദേശികമാധ്യമങ്ങള്‍ പറയുന്നു. ബോധം നഷ്ടപ്പെട്ട് ശരീരം ദൃഢമാകുന്ന – ശരീരം സ്തംഭിക്കുന്ന അവസ്ഥയാണിത്.
ജൂണ്‍ ഒന്‍പതിനാണ് മൊണ്ടോയ ആദ്യം ‘മരിച്ചത്’. പക്ഷാഘാതം ബാധിച്ചാണ് ബെല്ല മൊണ്ടോയയെ അന്ന് ആശുപത്രിയിലെത്തിച്ചത്. അവിടെ വച്ച് ഹൃദയാഘാതം കൂടി ഉണ്ടായി. ‘ആശുപത്രി അധികൃതര്‍ മരിച്ചുവെന്ന് അറിയിക്കുക മാത്രമല്ല, മരണ സര്‍ട്ടിഫിക്കറ്റും തന്നു’- മകന്‍ ഗില്‍ബര്‍ട്ട് ബാല്‍ബേണ്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ പറഞ്ഞിരുന്നു. അന്ന് അഞ്ചുമണിക്കൂറിനുശേഷം ശവപ്പെട്ടിക്കുള്ളില്‍ കിടന്ന് അവര്‍ മുട്ടി. ശബ്ദം കേട്ട് പെട്ടി തുറന്നപ്പോള്‍ അമ്മ കണ്ണുതുറന്നു കിടക്കുന്നതു കണ്ടെന്നാണ് ഗില്‍ബര്‍ട്ട് പറഞ്ഞത്. ‘ഉയിര്‍ത്തെഴുന്നേല്‍പ്പ്’ എന്നാണ് രാജ്യത്തെ മാധ്യമങ്ങള്‍ ബെല്ലയുടെ തിരിച്ചുവരവിനെ വിശേഷിപ്പിച്ചത്.