ഇന്ത്യൻ പ്രിമിയർ ലീഗ് സംപ്രേക്ഷണം ചെയ്യുന്നത് വിലക്കി ബംഗ്ലദേശ് സർക്കാർ
ധാക്ക: ഇന്ത്യ–ബംഗ്ലദേശ് നയതന്ത്ര സംഘർഷം ക്രിക്കറ്റിലേക്കും വ്യാപിച്ചതിന് പിന്നാലെ സുപ്രധാന തീരുമാനവുമായി ബംഗ്ലദേശ് സർക്കാർ.
ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) മത്സരങ്ങളുടെ സംപ്രേക്ഷണം രാജ്യത്ത് വിലക്കിക്കൊണ്ട് സർക്കാർ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി.
ഐപിഎൽ ടീമിൽ നിന്ന് ബംഗ്ലദേശ് താരം മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കിയതിനെ തുടർന്നാണ് ഈ കടുത്ത നടപടി.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിൽ നിന്ന് മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കണമെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) നിർദേശിച്ചതായി സർക്കാർ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.
ഈ തീരുമാനം യാതൊരു ന്യായമായ കാരണവുമില്ലാത്തതാണെന്നും, ബംഗ്ലദേശ് ജനങ്ങളുടെ വികാരങ്ങളെ വേദനിപ്പിക്കുന്നതാണെന്നും സർക്കാർ വ്യക്തമാക്കുന്നു.
സംഭവത്തിൽ രാജ്യത്താകെ ശക്തമായ പ്രതിഷേധവും വിമർശനവും ഉയർന്ന സാഹചര്യത്തിലാണ് ഐപിഎൽ സംപ്രേക്ഷണം താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചത്.
‘‘ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ എല്ലാ മത്സരങ്ങളുടെയും അനുബന്ധ പരിപാടികളുടെയും സംപ്രേക്ഷണം നിർത്തിവയ്ക്കണം.
പൊതുതാൽപര്യവും ഭരണകൂടത്തിന്റെ അംഗീകാരവും മുൻനിർത്തിയാണ് ഈ ഉത്തരവ് പുറപ്പെടുവിക്കുന്നത്’’– സർക്കാർ ഉത്തരവിൽ പറയുന്നു.
ഇതിന് മുമ്പ് തന്നെ ഐപിഎൽ സംപ്രേക്ഷണം ബംഗ്ലദേശിൽ നിർത്തിവയ്ക്കണമെന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തോട് നിർദേശിച്ചിരുന്നതായി സർക്കാർ ഉപദേഷ്ടാവ് ആസിഫ് നസ്രുൾ വ്യക്തമാക്കിയിരുന്നു.
‘‘ബംഗ്ലദേശ് ക്രിക്കറ്റിനെയോ താരങ്ങളെയോ രാജ്യത്തെയോ അപമാനിക്കുന്ന ഒരു നടപടിയും ഞങ്ങൾ അംഗീകരിക്കില്ല. അടിമത്തത്തിന്റെ കാലം അവസാനിച്ചു’’– ആസിഫ് നസ്രുൾ പറഞ്ഞു.
ബിസിസിഐയുടെ ആവശ്യപ്രകാരം തന്നെയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മുസ്തഫിസുർ റഹ്മാനെ ടീമിൽ നിന്ന് റിലീസ് ചെയ്തത്.
ബംഗ്ലദേശിലെ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ മുസ്തഫിസുറിനെ ടീമിലെടുത്തതിനെതിരെ ഇന്ത്യയിൽ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.
കൊൽക്കത്ത ടീമിന്റെ സഹ ഉടമ ഷാരൂഖ് ഖാനെതിരെയും വിമർശനം ശക്തമായി. ഐപിഎൽ മത്സരങ്ങൾ തടയുമെന്ന് വരെ ഭീഷണികൾ ഉയർന്നതോടെയാണ് രാഷ്ട്രീയ സമ്മർദവും ശക്തമായത്.
മാർച്ചിൽ ആരംഭിക്കുന്ന ഇത്തവണത്തെ ഐപിഎലിൽ ഇടം നേടിയ ഏക ബംഗ്ലദേശ് താരമായിരുന്നു ഇടംകൈ പേസറായ മുസ്തഫിസുർ റഹ്മാൻ.
കഴിഞ്ഞ ഡിസംബറിൽ നടന്ന മിനി ലേലത്തിൽ 9.2 കോടി രൂപയ്ക്കാണ് കൊൽക്കത്ത താരത്തെ സ്വന്തമാക്കിയത്. മുൻപ് എട്ട് ഐപിഎൽ സീസണുകളിൽ കളിച്ച പരിചയമുള്ള മുസ്തഫിസുറിനെ ഒഴിവാക്കാനുള്ള തീരുമാനം വലിയ വിവാദമായിരിക്കുകയാണ്.
ഇതിനു പിന്നാലെ ഫെബ്രുവരി 7ന് ആരംഭിക്കുന്ന ട്വന്റി20 ലോകകപ്പിനായി ഇന്ത്യയിലേക്ക് ടീമിനെ അയക്കില്ലെന്ന സൂചനയും ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് നൽകിയിട്ടുണ്ട്.
ക്രിക്കറ്റിനെ ചുറ്റിപ്പറ്റിയ ഈ നയതന്ത്ര സംഘർഷം ഇനിയും കടുക്കുമോ എന്ന ആശങ്കയിലാണ് കായികലോകം.









