ബെംഗളൂരു: കാവേരി ജല തർക്കത്തിൽ കന്നഡ അനുകൂല സംഘടനകൾ ആഹ്വനം ചെയ്ത കർണാടക ബന്ദ് പുരോഗമിക്കുന്നു. ബന്ദ് ജനജീവിതത്തെ സാരമായി ബാധിച്ചു. ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ 44 വിമാനങ്ങൾ റദ്ദാക്കി. മൈസൂരു, മാണ്ഡ്യ മേഖലകളിലാണ് ബന്ദ് തീവ്രമായിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. ഓണ്‍ലൈന്‍ ഓട്ടോ-ടാക്‌സികള്‍ ഉള്‍പ്പെടെ സര്‍വീസ് നടത്തുന്നില്ല. ബെംഗളൂരുവിലെ ഹോട്ടലുകള്‍ തുറക്കില്ലെന്ന് ഹോട്ടല്‍ ഉടമകളുടെ സംഘടന അറിയിച്ചിരുന്നു. തിയേറ്ററുകളും അടഞ്ഞു കിടക്കുകയാണ്. ഇന്ന് വൈകിട്ട് 6 വരെയാണ് ഹർത്താൽ.
ബന്ദിനെ തുടർന്ന് അനുകൂല സംഘടനകൾ വിവിധയിടങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. പലയിടത്തും തമിഴ്നാഴ് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ കോലം കത്തിച്ചു. ബന്ദിനെ തുടർന്നുണ്ടായ ആക്രമണങ്ങളിൽ വിവിധ സംഘടനകളുടെ 50 ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സാങ്കേതിക കാരണങ്ങളാലാണ് വിമാനങ്ങൾ റദ്ദാക്കിയതെന്ന് അധികൃതർ പറയുന്നു. ഇത് യാത്രക്കാരെ നേരത്തെ അറിയിച്ചിട്ടുണ്ടെന്നും വിമാനത്താവള അധികൃതർ വ്യക്തമാക്കി. എന്നാൽ ബന്ദിന്റെ പശ്ചാത്തലത്തിൽ നിരവധി യാത്രക്കാർ ടിക്കറ്റ് റദ്ദാക്കിയതാണ് വിമാനങ്ങൾ റദ്ദാക്കാൻ കാരണമെന്നും റിപ്പോർട്ടുകളുണ്ട്.
കന്നഡ-കർഷകസംഘടനകളുടെ കൂട്ടായ്‌മയായ ‘കന്നഡ ഒക്കൂട്ട’ യാണ് ബന്ദിന് നേതൃത്വം നൽകുന്നത്. കർഷക സംഘടനകൾ, കന്നഡ ഭാഷ സംഘടനകൾ ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട എല്ലാ സംഘടനകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ബിജെപിയും ജെഡിഎസും ബന്ദിന് അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. അക്രമ സാധ്യത കണക്കിലെടുത്ത് ബെംഗളൂരുവിൽ ഇന്ന് രാത്രി 12 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read:ജലം കൊണ്ട് മുറിവേറ്റ് കർണാടക : നാളെ നിർണായക ദിനമെന്ന് സംഘടനകൾ