കണ്ണൂർ: സ്കാനിങ് റിപ്പോർട്ടിലെ പിഴവ് മൂലം കുഞ്ഞ് മരിച്ചതായി പരാതി. ഗൈനക്കോളജിസ്റ്റിനുണ്ടായ അശ്രദ്ധ മൂലം കുഞ്ഞ് ഗർഭാവസ്ഥയിൽതന്നെ മരിച്ചതായാണ് ആരോപണം. കണ്ണൂർ ഡിഎംഒയ്ക്ക് ആണ് യുവതി പരാതി നൽകിയത്.
ഗർഭസ്ഥ ശിശുവിന്റെ കരൾ, ആമാശയം, കുടൽ എന്നിവ നെഞ്ചിലാണെന്നും ഹൃദയം വലതുഭാഗത്താണെന്നും എട്ടാംമാസത്തിലാണ് കണ്ണൂർ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് അറിയിച്ചത്. സ്കാനിങ് റിപ്പോർട്ട് കൃത്യമായിരുന്നെങ്കിൽ അഞ്ചാം മാസത്തിൽതന്നെ കുട്ടിയുടെ ആരോഗ്യസ്ഥിതി അറിയാമായിരുന്നെന്നും ചിലപ്പോൾ രക്ഷിക്കാൻ സാധിക്കുമായിരുന്നെന്നും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർ പറഞ്ഞതായും യുവതി പറഞ്ഞു.
കുഞ്ഞിന് എട്ടുമാസത്തെ വളർച്ച എത്തിയതിനാൽ നിയമപ്രകാരം അബോർഷൻ സാധ്യമല്ലെന്നും കുഞ്ഞ് പുറത്തെത്തിയാൽ എട്ടോളം ശസ്ത്രക്രിയകൾ വേണ്ടിവരുമെന്നും ഡോക്ടർ പറഞ്ഞു. ഇതിനായി 10 ലക്ഷം രൂപയോളം ചെലവാകുമെന്നും പറഞ്ഞു. ശസ്ത്രക്രിയകൾക്കുള്ള സൗകര്യം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇല്ലാത്തതിനാൽ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്കു മാറി. എന്നാൽ ജനുവരി 5ന് ഗർഭസ്ഥ ശിശു മരിച്ചു.
തുടർന്ന് നോർമൽ ഡെലിവറിക്കായി നാലുദിവസം പിന്നെയും കാത്തു. ഈ സമയത്ത് അണുബാധയുൾപ്പെടെയുള്ള ശാരീരിക പ്രശ്നങ്ങളുണ്ടാക്കി. കൂടാതെ ജില്ലാ ആശുപത്രിയിലെ ഡോക്ടറെ കാണാൻ അവരുടെ ക്ലിനിക്കിൽ പണംകൊടുത്തു പലതവണ പോയതായും പരാതിയിൽ പറയുന്നു.