ഇടുക്കി ജലാശയത്തിന്റെ വൃഷ്ടി പ്രദേശത്തിന് മീതെയുള്ള അയ്യപ്പൻകോവിൽ തൂക്കുപാലം
ഇടുക്കി ജലാശയത്തിന്റെ വൃഷ്ടി പ്രദേശത്തിന് മീതെയുള്ള അയ്യപ്പൻകോവിൽ തൂക്കുപാലം സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്.
എന്നാൽ ഇപ്പോൾ തൂക്കുപാലം കാണാൻ എത്തിയാൽ മറ്റൊരു നേട്ടം കൂടി സഞ്ചാരികൾക്ക് ഉണ്ട്. കുറഞ്ഞ ചെലവിൽ വള്ളത്തിൽ കാഴ്ച്ചകൾ കണ്ട് കറങ്ങാം.
കാഞ്ചിയാർ, അയ്യപ്പൻകോവിൽ, ഉപ്പുതറ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ ഇവിടെ പുരാതന ശ്രീ ധർമ ശാസ്താ ക്ഷേത്രത്തിലേയ്ക്ക് ഭക്തർക്ക് യാത്ര ചെയ്യാനാണ് പ്രധാനമായും വള്ളത്തിലൂടെയുള്ള കടത്ത് ഉപയോഗിച്ചു കൊണ്ടിരുന്നത്.
എന്നാൽ പിന്നീട് തൂക്കുപാലം കാണാൻ എത്തിയവർ വള്ളത്തിലൂടെയുള്ള യാത്ര ആസ്വദിക്കാൻ തുടങ്ങി. ഇതോടെ ഭക്തർക്കും സഞ്ചാരികൾക്കുമായി അഞ്ചു വള്ളങ്ങളാണ് ഇപ്പോൾ സജീവമായുള്ളത്.
10 പേരിൽ താഴെയുള്ള ആളുകൾക്കായി മൂന്നു കിലോ മീറ്റർ ദൈർഘ്യമുള്ള സവാരിക്ക് 700 രൂപയാണ് ഈടാക്കുന്നത്. ഇടുക്കി വനമേഖലയ്ക്ക നടുവിലൂടെയുള്ള 12 കിലോമീറ്റർ സവാരിയ്ക്ക് 3500 രൂപയാണ് ഈടാക്കുന്നത്.
എല്ലാ യാത്രക്കാർക്കും ലൈഫ് ജാക്കറ്റ് ഉൾപ്പെടെ സുരക്ഷാക്രമീകരണങ്ങൾ ഉൾപെടുത്തിയാണ് സവാരി. കനാൽ ഓഫീസ് ചങ്ങനാശേരിയുടെ ലൈസൻസ് നേടിയവരാണ് സവാരി നടത്തുന്നത്.
കൃത്യമായ കാലയളവിൽ വള്ളങ്ങളുടെ പരിശോധനയും അറ്റകുറ്റപണികളും നടത്തുമെന്ന് ഇവർ പറയുന്നു. രാവിലെ എട്ടിന് ആരംഭിക്കുന്ന വള്ളംകടത്ത് സന്ധ്യ വരെയും ഉണ്ടാകും.
വള്ളം സവാരി കൂടാതെ പാരാസെയിലിങ് ഉൾപ്പെടെയുള്ള ജല വിനോദങ്ങൾ കൊണ്ടുവന്നാൽ കൂടുതൽ സഞ്ചാരികളെ ഇവിടേയ്ക്ക് ആകർഷിക്കാനാകും.









