ദില്ലി : ജനുവരി 22ന് അയോധ്യക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്നു. 25 വർഷമായി എല്ലാ തിരഞ്ഞെടുപ്പുകളിലും സംഘപരിവാർ പാർട്ടികൾ ഉയർത്തുന്ന വാഗ്ദാനം യാഥാർത്ഥ്യമാവുകയാണ്.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എല്ലാ പ്രമുഖ വ്യക്തികളുടേയും സാനിധ്യം ഉദ്ഘാടന ചടങ്ങിൽ ഉറപ്പാക്കിയിട്ടുണ്ട്. ദൂരദർശൻ ചടങ്ങ് തത്സമയം സംപ്രേക്ഷണം ചെയ്യും. ദേശിയ- അന്തർദേശിയ മാധ്യമങ്ങളും ദൂരദർശനെ പിന്തുടരും. ബാബറി മസ്ജിദ് പൊളിക്കാൻ കാരണമായി രഥയാത്ര നടത്തിയ എൽ.കെ.അദ്വാനിയെ പോലും മാറ്റി നിറുത്തി പൂർണമായും മോദി ഷോ ആക്കുവാനുള്ള എല്ലാ തയ്യാറെടുപ്പുകളും ആർ.എസ്.എസ് ഒരുക്കിയിരിക്കുന്നു. അത് കൊണ്ട് തന്നെ ചടങ്ങിലേയ്ക്കുള്ള ക്ഷണം ശിവസേന പോലും തള്ളി കളയുന്നു. ബാബറി മസ്ജിദ് പൊളിക്കാൻ കർസേവകർക്കൊപ്പം യാത്ര നടത്തിയവരാണ് ശിവസേന.ലാലു പ്രസാദ് യാദവ്, നിധീഷ് കുമാർ തുടങ്ങി ഹിന്ദി ബൽറ്റിൽ സ്വന്തം വോട്ട് ബാങ്കുള്ള പാർട്ടികളെല്ലാം സംശയലേശമന്യ ക്ഷണം തള്ളി കളയുന്നു. പക്ഷെ, ഉദ്ഘാടന ചടങ്ങിലേയ്ക്കുള്ള ക്ഷണം സ്വീകരിക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ കോൺഗ്രസിനുള്ളിൽ ആശയകുഴപ്പം. നേതാക്കൾ എല്ലാം രണ്ട് ചേരിയിലായി കഴിഞ്ഞു. ഹൈക്കമാൻഡ് തീരുമാനം പറയാതെ പതിവ് പോലെ ഒളിച്ച് കളി തുടരുന്നു. 90കളിൽ ബാബറി മസ്ജിദിനെതിരായ കലാപം ആരംഭിച്ചത് മുതൽ ഇതേ ആശയകുഴപ്പം നിലനിൽക്കുന്നു. ബിജെപിയ്ക്ക് അധികാരത്തിലെത്താനുള്ള വഴിയാണ് അയോധ്യയെന്ന് ഇനിയും മനസിലാകാത്തത് കോൺഗ്രസിന് മാത്രമാണ്. അത് തന്നെയാണ് വെറും രണ്ട് എം.പിമാർ മാത്രമായിരുന്ന ബിജെപിയെ ഒറ്റയ്ക്ക് പാർലമെന്റിൽ ഭൂരിപക്ഷം കിട്ടാനുള്ള പാർട്ടിയായി വളർത്തിയത്.
രാമായണം, മഹാഭാരതം സീരിയലുകൾ വോട്ട് കൊണ്ട് തരുമെന്ന് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി വിശ്വസിച്ചു. പക്ഷെ ഗ്രാമങ്ങളിൽ സീരിയൽ പ്രദർശിപ്പിച്ച് പാർട്ടി വിത്ത് മുളപ്പിക്കുകയായിരുന്നു ആർ.എസ്.എസ്. രഥയാത്ര എന്ന പേരിൽ എൽ.കെ.അദ്വാനി നടത്തിയ യാത്ര തടഞ്ഞാൽ ഉത്തരേന്ത്യയിൽ വോട്ട് കുറയുമെന്ന് പേടിച്ച് മാറി നിന്നതും കോൺഗ്രസ് . അന്ന് രഥയാത്ര തടഞ്ഞ ലാലു പ്രസാദ് യാദവിനോട് പോലും അകലം പാലിക്കാൻ കോൺഗ്രസ് ശ്രമിച്ചുവെന്ന് രാഷ്ട്രിയ നിരീക്ഷകർ ചൂണ്ടികാണിക്കുന്നു. നിക്ഷപക്ഷത എന്ന പേരിൽ ആർ.എസ്.എസ് പദ്ധതികളോട് അകലം പാലിച്ചപ്പോൾ നഷ്ട്ടം വന്നത് കോൺഗ്രസിന്റെ സ്വന്തംവോട്ടുകളായിരുന്നു. അയോധ്യ ക്ഷേത്ര നിർമാണം ഹിന്ദുവിന്റെ ആവിശ്യമാണോ സംഘപരിവാറിന്റെ ആവിശ്യമാണോ എന്ന തിരിച്ചറിയാൻ പോലും കഴിയാത്തതാണ് കോൺഗ്രസ് പാർട്ടി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ക്ഷേത്ര ഉദ്ഘാടന ക്ഷണം സ്വീകരിക്കുന്നതിലൂടെ ഒരിക്കൽ കൂടി ആർ.എസ്.എസ് കെണിയിൽ കോൺഗ്രസ് വീഴുകയാണ്.
അയോധ്യ വിധിയിലെ അപൂർവ്വത.
വിരമിച്ച ശേഷം രാജ്യസഭ എം.പിയായി മാറിയ രജ്ഞൻ ഗോഗോയി ചീഫ് ജസ്റ്റിസായിരുന്ന ബഞ്ചാണ് അയോധ്യ വിധി പുറപ്പെടുവിച്ചത്. ബഞ്ചിലെ ഒരംഗം വിധി എഴുതുകയും അത് ചീഫ് ജസ്റ്റിസ് വായിക്കുകയും ചെയ്തു. പക്ഷെ ആരാണ് വിധി എഴുതിയതെന്ന് കാര്യം ഇത് വരെ പുറത്ത് വിട്ടിട്ടില്ല. അത് കോടതിയിൽ അത്യപൂർവ്വമാണ്. സുപ്രീംകോടതി ബഞ്ചിനായി വിധി ന്യായം എഴുതുന്നത് അഭിമാനമായി കാണുന്നവരാണ് എല്ലാ ജസ്റ്റിസുമാരും. എന്നാൽ അയോധ്യ വിധിയുടെ ക്രഡിറ്റ് ഏറ്റെടുക്കാൻ പോലും ഒരാൾ തയ്യാറായില്ല. ഇപ്പോഴും ബാബറി മസ്ജിദ് പൊളിച്ച കേസിൽ വിധി വന്നിട്ടില്ല. നിലവിലെ സാഹചര്യത്തിൽ അതിന് ഇനിയും പതിറ്റാണ്ട് എടുക്കും. പക്ഷെ അതിന് മുമ്പ് തന്നെ ബാബറി മസ്ജിദ് നിലനിന്ന ഭൂമി തർക്ക കേസിൽ വിധി വന്നു. വിധി പ്രകാരം രാമക്ഷേത്ര ട്രസ്റ്റിന് ലഭിച്ച സ്ഥലത്ത് ക്ഷേത്രവും ഉയർന്നു.
Read More : ജയലളിതയ്ക്ക് ശേഷം തമിഴ്നാട് രാഷ്ട്രിയത്തിൽ വിജയിച്ച ഏക നടൻ.