മലപ്പുറം: കൊഡൂരിൽ ബസ് ജീവനക്കാരുടെ മർദനത്തിന് പിന്നാലെ ഓട്ടോറിക്ഷ ഡ്രൈവർ അബ്ദുൾ ലത്തീഫ് കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ബസ് ജീവനക്കാർക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തു.
മഞ്ചേരി തിരൂർ റൂട്ടിലോടുന്ന പി ടി ബി ബസ്സിലെ ജീവനക്കാരായ നിഷാദ്, സിജു, സുജീഷ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെ ഇന്ന് തെളിവെടുപ്പിനായി കൊണ്ടുപോകും.
വടക്കേമണ്ണയിലെ ബസ് സ്റ്റോപ്പിൽ നിന്ന് ബസ് എടുക്കുന്നതിന് മുമ്പേ ആളെ എടുത്തെന്നതാണ് ആക്രമണത്തിന് പിന്നിലെ കാരണം. സംസാരിച്ചു തീർക്കാൻ കഴിയുമായിരുന്ന വിഷയമാണ് ഒരാളുടെ ജീവനെടുക്കുന്ന തരത്തിലേക്ക് കൊണ്ടെത്തിച്ചത്.
ഓട്ടോറിക്ഷയെ പിന്തുടർന്നെത്തിയ ബസ് ജീവനക്കാർ വാഹനം തടഞ്ഞു നിർത്തി അബ്ദുൾ ലത്തീഫിനെ മർദിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ആക്രമണത്തിന് ശേഷം സ്വയം ഓട്ടോറിക്ഷ ഓടിച്ചാണ് ലത്തീഫ് ആശുപത്രിയിലേക്ക് പോയത്.
പക്ഷെ ആശുപത്രിയിലെത്തിയതും അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ മരണം സംഭവിക്കുകയും ചെയ്തു. ഹൃദയാഘാതം ആണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. മർദ്ദിച്ചതിനു പിന്നാലെ ഉണ്ടായ മാനസിക സമ്മർദ്ദമാണ് മരണത്തിലേക്ക് നയിച്ചതെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്.