ഭിക്ഷാടന മാഫിയയുടെയും മറുനാടൻ തൊഴിലാളികളുടെയും നേതൃത്വത്തിൽ സംസ്ഥാനത്ത് കുട്ടികളെ തട്ടിയെടുക്കാനുള്ള ശ്രമങ്ങൾ ഒരിടവേളയ്ക്ക് ശേഷം സജീവമാകുന്നു. ശനിയാഴ്ച കോട്ടയം പാറത്തോടിനു സമീപം വെള്ളച്ചാട്ടം കാണിക്കാമെന്ന് പറഞ്ഞ് നാലുവയസുകാരനെ തട്ടിയെടുക്കാൻ ശ്രമം നടന്നിരുന്നു. (Attempts to abduct children are rampant in the state)
തട്ടിയെടുക്കാൻ ശ്രമിച്ചയാളെ പിന്തുടർന്ന കുട്ടിയുടെ പിതാവ് മുണ്ടക്കയം നഗരത്തിലിട്ട് ഇയാളെ പിടികൂടി പോലീസിന് കൈമാറി. ഒരു മാസം മുൻപ് പാറത്തോട്ടിൽ തന്നെ 12കാരനെ തട്ടിക്കൊണ്ട് പോകാൻ ശ്രമം നടന്നിരുന്നു. വെള്ളിയാഴ്ച കോട്ടയം ഈരാറ്റുപേട്ടയിൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ നാടോടി സ്ത്രീ ശ്രമിച്ചിരുന്നു.
ചൊവ്വാഴ്ച ഇടുക്കി കട്ടപ്പനയ്ക്ക് സമീപം വീടിനുള്ളിൽ നിന്നും കുട്ടിയെ തട്ടിയെടുക്കാൻ ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളി പോലീസ് പിടിയിലായി. സംഭവങ്ങൾ തുടർച്ചയായതോടെ ഭിക്ഷാടന മാഫിയയെ നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമാണ്.