പത്തനംതിട്ട: തിരുവല്ലയിൽ ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്തിരുന്ന യുവതിക്ക് നേരെ മദ്യപാനിയുടെ ആക്രമണം. തിരുവല്ല സ്വദേശി ജോജോ ആണ് ആക്രമണം നടത്തിയത്. ഇരുചക്രവാഹനത്തിൽ വരികയായിരുന്ന യുവതിയെ ഇയാൾ തടഞ്ഞു നിർത്തി വലിച്ചു താഴെയിടുകയായിരുന്നു. പരിക്കേറ്റ 25 കാരിയെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മദ്യപിച്ച് ബൈക്കിൽ പൊലീസ് സ്റ്റേഷനിലെത്തി ജോജോ വെച്ചിരുന്നു. ഇതേ തുടർന്ന് ബൈക്ക് വാങ്ങിവെച്ച് പൊലീസുകാർ ഇയാളെ മടക്കി അയച്ചു. തുടർന്ന് തിരുവല്ല നഗരത്തിലെ പ്രധാന റോഡിലേക്കെത്തിയ ഇയാൾ ഇരുചക്രവാഹനത്തിലെത്തിയ പെൺകുട്ടിയെ കാണുകയും അവരെ വലിച്ചു താഴെയിടുകയുമാണുണ്ടായത്. ഇയാൾ സ്ഥിരം മദ്യപിച്ച് പ്രശ്നമുണ്ടാക്കുന്നയാളെന്ന് പൊലീസ് പറഞ്ഞു.
ജോജോയുടെ വൈദ്യപരിശോധന പൂർത്തിയാക്കിയതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് തിരുവല്ല പൊലീസ് അറിയിച്ചു. അതിനിടെ പ്രതിയെ പൊലീസ് വാഹനത്തിൽ വെച്ച് യുവതിയുടെ ബന്ധുക്കൾ കൈയ്യേറ്റം ചെയ്തു.