മുംബൈ: രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപ്പാലം ശിവ്‌രി– നാവസേവ ട്രാൻസ്ഹാർബർ ലിങ്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. മുൻ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയുടെ സ്മരണാർത്ഥം അടല്‍ സേതു എന്ന് പേരിട്ടിരിക്കുന്ന കടല്‍പ്പാലം ദക്ഷിണ മുംബൈയെ നവി മുംബൈയുമായി ബന്ധിപ്പിക്കുന്നതാണ്. ഇത് നിലവിലെ രണ്ട് മണിക്കൂര്‍ യാത്രയെ ഏകദേശം 15-20 മിനിറ്റായി കുറയ്ക്കും. മുംബൈ രാജ്യാന്തര എയർപോർട്ട്, നവി മുംബൈ രാജ്യാന്തര എയർപോർട്ട് എന്നിവടങ്ങളിലേക്കു വേഗത്തിൽ ഇനിമുതൽ യാത്ര സാധ്യമാകും.
ശിവ്‌രി–നാവസേവ കടൽപാലത്തിന്റെ രണ്ട് അറ്റങ്ങളിലും നിന്ന് നഗരത്തിന്റെ മറ്റു മേഖലകളെ ബന്ധിപ്പിക്കുന്ന മൂന്നു ഉപപാതകൾ കൂടി വരും വർഷങ്ങളിൽ യാഥാർഥ്യമാകുമെന്നാണ് റിപ്പോർട്ട്. ട്രാൻസ്ഹാർബർ ലിങ്ക് മുംബൈ നഗരത്തിൽ നിന്ന് ആരംഭിക്കുന്ന ശിവ്‌രിയിൽ നിന്നു വർളിയിലേക്കുള്ള എലിവേറ്റഡ് പാതയാണ് ഇതിലൊന്ന്. 4.25 കിലോമീറ്റർ നീളമുള്ള പാത പൂർത്തിയായാൽ വർളി, ബാന്ദ്ര, ദാദർ മേഖലയിൽ നിന്ന് കുറച്ചു മിനിട്ടുകൾക്കകം കടൽ പാലത്തിലെത്തിച്ചേരാം.
നാവസേവയിൽ ട്രാൻസ്ഹാർബർ ലിങ്ക് അവസാനിക്കുന്ന മേഖലയിൽ നിന്നു 6.5 കിലോമീറ്റർ പാത നിർമിച്ച് കടൽപാലത്തെ പുണെ എക്സ്പ്രസ് വേയുമായി നേരിട്ട് ബന്ധിപ്പിക്കാനുള്ള പദ്ധതി സർക്കാർ മുന്നോട്ടുവച്ചിട്ടുണ്ട്. ഈ പാത യാഥാർഥ്യമായാൽ മുംബൈ– പുണെ യാത്ര ഏറെ എളുപ്പമാകും. ഇതോടൊപ്പം, നവിമുംബൈയിൽ നിർദിഷ്ട വിമാനത്തവളത്തിലേക്കു ട്രാൻസ്ഹാർബർ ലിങ്കിനെ ബന്ധിപ്പിക്കാനുള്ള 5.8 കിലോമീറ്റർ ഉൾവെ തീരദേശ റോഡിന്റെ നിർമാണവും തുടങ്ങാനിരിക്കുകയാണ്.
Read Also: മലയാളം സർവകലാശാല തിരഞ്ഞെടുപ്പ്; എസ്എഫ്ഐയുടെ വിജയം റദ്ദാക്കി ഹൈക്കോടതി