തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ ആറ് വിമാനങ്ങളുടെ വഴി മുടക്കിയത് ആരോ പറത്തി വിട്ട ഒരുപട്ടം. പരിസരവാസികളിലാരോ പറത്തിയ പട്ടമാണ് നാടകീയ സംഭവങ്ങൾക്ക് കാരണം.
ഇതേത്തുടർന്ന് 4 വിമാനങ്ങളാണ് വഴി തിരിച്ചു വിട്ടത്. രണ്ട് വിമാനങ്ങൾ താത്കാലികമായി പിടിച്ചിടുകയും ചെയ്തു. വ്യോമയാന പരിശീലന കേന്ദ്രത്തിലെ വിമാനത്തിന് പരിശീലന പറക്കലും പട്ടം കാരണം മുടങ്ങി.
ശനിയാഴ്ച വൈകീട്ട് മുട്ടത്തറ പൊന്ന പാലത്തിനടുത്തുള്ള റൺവേയ്ക്കും വള്ളക്കടവ് സുലൈമാൻ തെരുവിനും ഇയ്ക്കുള്ള ഭാഗത്താണ് 200 അടി ഉയരത്തിൽ പട്ടം പറത്തിയത്.
പിന്നീട്എയർപോർട്ട് ഓപ്പറേഷൻ കൺട്രോൾ സെന്ററിൽ നിന്നു വിവരമറിയിച്ചതിനെ തുടർന്നു അടിയന്തര സുരക്ഷാ സന്നാഹങ്ങൾ ഏർപ്പെടുത്തി. ഇറങ്ങാനെത്തിയ വിമാനങ്ങളിലെ പൈലറ്റുമാരോടു വിമാനത്താവള പരിധിയിൽ ചുറ്റിക്കറങ്ങുന്നതിനുള്ള ഗോ എറൗണ്ട് സന്ദേശം എയർ ട്രാഫിക്ക് കൺട്രോളിൽ നിന്നു നൽകുകയായിരുന്നു. പുറപ്പെടാനൊരുങ്ങിയ വിമാനങ്ങൾ തത്കാലം പാർക്കിങ് ബേയിൽ നിർത്തിയിടാനും നിർദ്ദേശിച്ചു.
4.20 നു മസ്കറ്റിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ്, പിന്നാലെ ഷാർജയിൽ നിന്നെത്തിയ എയർ അറേബ്യ, ഡൽഹിയിൽ നിന്നെത്തിയ എയർ ഇന്ത്യ, ബംഗളൂരുവിൽ നിന്നെത്തിയ ഇൻഡിഗോ വിമാനങ്ങൾക്കാണ് ചുറ്റിക്കറങ്ങാൻ എയർ ട്രാഫിക്ക് കൺട്രോളിൽ നിന്നു നിർദ്ദേശം ലഭിച്ചത്.
വൈകീട്ടോടെ ഹൈദരാബാദിലേക്കു പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ്, ബംഗളൂരുവിലേക്ക് പോകേണ്ട ഇൻഡിഗോ വിമാനങ്ങളാണ് വിമാനത്താവളത്തിൽ പിടിച്ചിട്ടത്. പൊലീസ് എത്തി പരിശോധന നടത്തിയെങ്കിലും പട്ടം പറത്തിയവരെ കണ്ടെത്താനായില്ല.
രണ്ട് മണിക്കൂറോളം പറന്നു നടന്ന പട്ടം താനേ നിലം പതിച്ച ശേഷമാണ് വിമാനങ്ങൾക്ക് പറക്കാനായത്. വട്ടമിട്ടു പറന്ന വിമാനങ്ങൾ തടസം നീങ്ങിയതോടെ ഓൾ സെയ്ന്റ്സ് ഭാഗത്തെ റൺവേയിലൂടെ ഇറക്കി. പിടിച്ചിട്ട വിമാനങ്ങൾ രാത്രിയോടെയാണ് പുറപ്പെട്ടത്.