തൊടുപുഴ: ഓണം കഴിഞ്ഞതോടെ ന്യൂസ് ചാനല്‍ കാണുന്ന മലയാളികളുടെ എണ്ണം കൂടി. റേറ്റിംഗില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഏഷ്യാനെറ്റ് ന്യൂസിന് അടക്കം പ്രേക്ഷകരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായി.Asianet News, which is number one in the ratings, has seen an increase in audience.
കൈരളി ടിവിയെ മറിടകന്ന് ജനം ടിവി ആറാമത് എത്തി. ഇത് മാത്രമാണ് ചാനല്‍ റേറ്റിംഗിലെ ഈ ആഴ്ചയിലെ ഏക മാറ്റം. പോയിന്റില്‍ മാറ്റമുള്ളപ്പോഴും ഏഷ്യാനെറ്റ് ന്യൂസും റിപ്പോര്‍ട്ടര്‍ ടിവിയും മുന്നില്‍ തുടരുകയാണ്.
വാശിയോടെ ഏഷ്യാനെറ്റിനെ ഒന്നാം സ്ഥാനത്ത് നിന്ന് താഴെയിറക്കാൻ മത്സരിക്കുമ്പോഴും അവരുമായുളള പോയിൻറ് വ്യത്യാസം കൂടുന്നത് റിപോർട്ടർ ടീമിന് നിരാശ പകരുന്നതാണ്.
നികേഷ് കുമാർ 10 വർഷത്തിലധികം നയിച്ച റിപ്പോർട്ടർ ടിവി അദ്ദേഹം നേതൃത്വം നൽകിയ കാലത്തൊന്നും റേറ്റിംഗിൽ ആദ്യ അഞ്ച് സ്ഥാനത്തു പോലും ഉണ്ടായിരുന്നില്ല. എന്നാൽ പുതിയ മാനേജ്മെൻ്റിന് കീഴിലായ ശേഷം റിപ്പോർട്ടർ ടിവി വാർത്താ ചാനൽ രംഗത്ത് കുതിച്ചു കയറ്റം നടത്തി എന്നത് വസ്തുതയാണ്.
വാർത്തകളുടെ നിലവാരത്തിൽ വലിയ ക്രെഡിബിലിറ്റിയൊന്നും അവകാശപ്പെടാൻ റിപ്പോർട്ടർ ടിവിക്ക് കഴിയില്ല. അതിനുള്ള നേതൃപാടവമോ, പരിചയസമ്പന്നരായ മാധ്യമ പ്രവർത്തകരോ ഇല്ലാതിരുന്നിട്ടും വാർത്താ അവതരണത്തിലെ പുതുമ ഒന്നുകൊണ്ട് മാത്രമാണ് ചാനല്‍ മുന്നിലെത്തിയത്.
ഏഷ്യാനെറ്റ് ന്യൂസിൻ്റെ വാർത്തകൾക്കുള്ള ആധികാരികതയുടെയും സമഗ്രതയുടെയും അടുത്തൊന്നും വരാൻ കഴിയില്ലെങ്കിലും പ്രധാന ആങ്കറായ ഡോ.അരുൺ കുമാറിൻ്റെ ന്യൂസ് ഫ്ളോറിലെ ‘ഷോ മാൻഷിപ്പ്’ പ്രേക്ഷകർ അംഗീകരിച്ചുവെന്നത് പരമാർത്ഥമാണ്.
ന്യൂസ് 24 ൻ്റെ കാർബൺ കോപ്പി സ്റ്റൈലാണ് റിപ്പോർട്ടറും സ്വീകരിച്ചത്. അതു കൊണ്ട് തന്നെ 24 ൻ്റ ചീഫായ ശ്രീകണ്ഠൻ നായരുടെ ന്യൂസ് ഫ്ളോറിലെ പതിവു ശൈലികളും കോമഡികളും അരുൺ കുമാറും ഏറ്റുപിടിച്ചതോടെ രണ്ടും മൂന്നും സ്ഥാനത്തേക്കുള്ള പോരാട്ടം ശക്തമാക്കി. ശ്രീകണ്ഠൻ നായരുടെ കളരിയിൽ നിന്ന് പഠിച്ചിറങ്ങിയ അരുൺ കുമാറിൻ്റെ പുതിയ നമ്പരുകൾ റേറ്റിംഗ് വർദ്ധിപ്പിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച(ആഴ്ച 38) ഏഷ്യാനെറ്റ് ന്യൂസിന് 90.4 പോയിന്റായിരുന്നു. അത് ഈ ആഴ്ചയില്‍ 95ആയി. ട്വന്റി ഫോറിന് കഴിഞ്ഞ ആഴ്ചത്തെ പോയിന്റെ 76.65 ആയിരുന്നുവെങ്കില്‍ അതുയര്‍ന്ന് 90 ആയി. 24 ന്യൂസിന് 76.65 പോയിന്റില്‍ നിന്നും 76ലേക്ക് പോകേണ്ടിയും വന്നു. അതായത് ആദ്യ മൂന്നിലുള്ള ചാനലുകളില്‍ 24 ന്യൂസിന് പ്രേക്ഷക നഷ്ടവും ഉണ്ടാകുന്നു.
റിപ്പോര്‍ട്ടറുമായുള്ള അന്തരം 14 പോയിന്റായി മാറുകയും ചെയ്യുന്നു. രണ്ടാഴ്ച ഒന്നാം സ്ഥാനത്തുണ്ടായിരുന്ന 24 ന്യൂസിന് ഇത് കടുത്ത തിരിച്ചടിയാണ്. 24 ന്യൂസിലെ പ്രേക്ഷകരെ റിപ്പോര്‍ട്ടര്‍ ടിവി സ്വാധീനിക്കുന്നതിന് തെളിവായി ഇതിനെ വിലയിരുത്തുന്നു.
ഓണക്കാലത്ത് ന്യൂസ് ചാനലുകളുടെ റേറ്റിംഗില്‍ ഇടിവുണ്ടായി. ഇത് മാറുമ്പോഴാണ് നഷ്ടം 24 ന്യൂസിന് മാത്രമായി പ്രതിഫലിക്കുന്നത്. അടുത്ത ആഴ്ച എന്തു സംഭവിക്കുമെന്നതും നിര്‍ണ്ണായകമാണ്.
39 -ാം ആഴ്ചയിലെ വാർത്താ ചാനൽ റേറ്റിങ്ങിൽ കേരളാ ടി.ജി യൂണിവേഴ്സ് വിഭാഗത്തിൽ 94.62 പോയിൻറുമായാണ് ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനത്ത് എത്തിയത്. രണ്ടാം സ്ഥാനത്തുളള റിപോർട്ടറിന് 90.18 പോയിൻറാണ് ഉളളത്.
എന്നാൽ നഗരമേഖലയിലെ റേറ്റിങ്ങിൽ റിപോർട്ടർ ഒന്നാം സ്ഥാനത്താണ്. ബാർക്ക് റേറ്റിങ്ങിലെ അർബൻ ടി.ജി യൂണിവേഴ്സ് വിഭാഗത്തിൽ 88.14 പോയിൻറാണ് റിപോർട്ടറിനുളളത്. ഏഷ്യാനെറ്റിന് 84.94 പോയിന്റുമായി രണ്ടാം സ്ഥാനത്തേയ്ക്ക് മാറേണ്ടിവന്നു.
പരസ്യവിഭാഗം ഏറ്റവും കൂടുതൽ ശ്രദ്ധയർപ്പിക്കുന്ന റേറ്റിങ്ങ് വിഭാഗമാണ് നഗരമേഖല. യൂണിവേഴ്സ് വിഭാഗത്തിൽ ഒന്നാം സ്ഥാനത്താണെങ്കിലും ഏഷ്യാനെറ്റ് ന്യൂസ്, റിപോർട്ടറിൽ നിന്ന് ശക്തമായ വെല്ലുവിളി നേരിടുന്നു എന്നാണ് നഗരമേഖലയിലെ അവരുടെ ഒന്നാം സ്ഥാനം നൽകുന്ന സൂചന.
ഒന്നാം സ്ഥാനത്തുള്ള ഏഷ്യാനെറ്റ് ന്യൂസിന് കടുത്ത വെല്ലുവിളിയായി റിപ്പോര്‍ട്ടര്‍ ടിവി മാറുമോ എന്ന് അറിയണമെങ്കില്‍ ന്യൂസ് ചാനല്‍ കാണുന്നതില്‍ പ്രേക്ഷക ഉയര്‍ച്ച അനിവാര്യതയാണ്. കുറച്ചു കാലം മുമ്പ് ഏഷ്യാനെറ്റ് ന്യൂസിന് 150 പോയിന്റിന് മുകളില്‍ റേറ്റിംഗുണ്ടായിരുന്നു. ഷിരൂര്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ആദ്യ നാളുകളിലും വയനാട് ദുരന്തവുമെല്ലാം നടക്കുമ്പോള്‍ മലയാളികള്‍ ഏറെ കണ്ടത് ന്യൂസ് ചാനലുകളായിരുന്നു. ഇതിനിടെയാണ് റേറ്റിംഗില്‍ 24 ന്യൂസ് ഒന്നാമത് എത്തിയത്.
എന്നാല്‍ വിനു വി ജോണിനെ കൂടുതല്‍ സജീവമാക്കി ഏഷ്യാനെറ്റ് ന്യൂസ് മുന്നില്‍ വീണ്ടുമെത്തി. സിന്ധു സൂര്യകുമാറിന്റെ ഹേമാ കമ്മറ്റി കാലത്തെ അഭിമുഖവും പോലീസില്‍ നിന്നുള്ള അരുണ്‍ കുമാറിന്റെ റിപ്പോര്‍ട്ടിങ്ങുമെല്ലാം അതിനിര്‍ണ്ണായകമായി. അങ്ങനെ റേറ്റിംഗില്‍ വീണ്ടും ഏഷ്യാനെറ്റ് ന്യൂസ് കുതിപ്പിലേക്ക് എത്തി. ഇതിനിടെ അരുണ്‍കുമാറിന്റെ സജീവതയില്‍ 24ന്യൂസിനെ റിപ്പോര്‍ട്ടര്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളുകയും ചെയ്തു.
കേരളാ വിഷന്‍ കേബിള്‍ നെറ്റ് വര്‍ക്കില്‍ സെറ്റ് ടോപ്പ് ബോക്സ് ഓണ്‍ ചെയ്യുമ്പോള്‍ ആദ്യം വരിക റിപ്പോര്‍ട്ടര്‍ ടിവിയാണ്. ഈ മാര്‍ക്കറ്റിംഗ് തന്ത്രവും റിപ്പോര്‍ട്ടറിന് റേറ്റിംഗില്‍ ഗുണം ചെയ്തിട്ടുണ്ട്. മുപ്പതാം വര്‍ഷത്തിലേക്ക് കടക്കുകയാണ്.
നേരോടെ നിര്‍ഭയം നിരന്തരം എന്ന ടാഗ് ലൈനില്‍ തുടരുന്ന ഏഷ്യാനെറ്റ് ന്യൂസിന് ഇപ്പോഴും ഒന്നാം സ്ഥാനം നിലനിര്‍ത്താനാകുന്നതിന് കാരണം വാര്‍ത്താ അവതരണത്തിലെ വൈവിധ്യമാണ്. 30 കൊല്ലത്തിനിടെയില്‍ രണ്ടാഴ്ച മാത്രമാണ് റേറ്റിംഗില്‍ ഏഷ്യാനെറ്റ് ന്യൂസ് ഒന്നില്‍ നിന്നും പിന്നിലായത്
വാർത്താവതരണത്തിൽ ചടുലത കൊണ്ടുവന്ന് ഏഷ്യാനെറ്റ് ശക്തമായി രംഗത്തുണ്ടെങ്കിലും നൂതന സാങ്കേതിക തികവോടെയുളള ഗ്രാഫിക്സ് സംവിധാനങ്ങളൊന്നും ഇല്ലാത്തതാണ് ഏഷ്യാനെറ്റിൻെറ പോരായ്മ.
സ്ക്രീൻ ചടുലമായി നിലനിർത്താൻ ആധുനിക ഗ്രാഫിക്സ് സംവിധാനങ്ങൾ അനിവാര്യമാണ്. റിപോർട്ടറിൻെറ കുതിപ്പോടെ പിന്തളളപ്പെട്ട ആർ. ശ്രീകണ്ഠൻ നായരുടെ ട്വൻറി ഫോറിന് ഈയാഴ്ചയും തിരിച്ചടിയാണ്.
അത്യാധുനിക എ.ആർ, വി.ആർ സാങ്കേതിക വിദ്യയുടെ സഹായത്തോടെയുളള ചടുലമായ വാർത്താവതരണം മലയാളത്തിന് സമ്മാനിച്ച ട്വൻറിഫോർ ഇടക്കാലത്ത് ഏഷ്യാനെറ്റിനെ മറികടന്ന് ഒന്നാം സ്ഥാനത്ത് എത്തിയതാണ്. എന്നാൽ പിന്നീട് റിപോർട്ടർ കുതിച്ച് എത്തിയതോടെ ട്വൻറിഫോർ പിന്തളളപ്പെട്ടു.
ഫീൽഡിൽ നിന്ന് മികച്ച വാർത്തകൾ എത്തിക്കാൻ ആധികാരികതയുളള റിപോർട്ടർമാരില്ലാത്തതാണ് ട്വൻറി ഫോറിൻെറ പോരായ്മ. പ്രഭാത വാർത്താ ഷോയിൽ ശ്രീകണ്ഠൻ നായരുടെ മേധാവിത്വം തകർന്നതും ട്വൻറി ഫോറിൻെറ കീഴ്പോട്ടിറക്കത്തിന് കാരണമായി.
മോണിങ്ങ് ബാൻഡിൽ ട്വൻറി ഫോറിനെ പിന്തളളി റിപോർട്ടറിൻെറ അരുൺകുമാർ ഒന്നാം സ്ഥാനത്തെത്തി. അവതരണത്തിൽ ശ്രീകണ്ഠൻ നായരെ അനുകരിക്കുന്ന ശൈലിയാണ് അരുൺകുമാർ പ്രകടിപ്പിക്കുന്നത്.
റേറ്റിങ്ങിലെ മേധാവിത്വം നിലനിർത്താൻ ട്വൻറി ഫോറിന് നല്ല പ്രകടനം കാഴ്ചവെക്കേണ്ടിവരുമെന്നാണ് പുതിയ റേറ്റിങ്ങ് നൽകുന്ന പാഠം. റിപോർട്ടർ മുന്നിലേക്ക് കയറിയതോടെ തിരിച്ചടി നേരിട്ട പത്രമുത്തശികളുടെ വാർത്താ ചാനലുകളുടെ ശനിദശ തുടരുകയാണ്.
ചാനലുകളുടെ റേറ്റിംഗ് മത്സരത്തില്‍ നേരിയ ചലനം പോലും കാഴ്ചവെക്കാനാവാതെ പാതിവെന്ത അവസ്ഥയിലാണ് മനോരമയും മാതൃഭുമിയും. ഈ രണ്ട് ചാനലുകള്‍ക്കും ടെലിവിഷന്‍ വാര്‍ത്താരംഗത്ത് അടുത്ത കാലത്തെങ്ങും ഒരു ചലനവും സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല.
ചതഞ്ഞ വാര്‍ത്താ അവതരണ ശൈലിയും പഞ്ചില്ലാത്ത വാര്‍ത്തകളുമാണ് ഇരു ചാനലുകളുടേയും പ്രത്യേകത. ഒന്നിലും ഒരു നിലപാടില്ലാത്ത അഴകൊഴമ്പന്‍ ശൈലിയാണ് പിന്തുടരുന്നത്. എതിരാളികൾ ചെയ്യുന്നത് അതുപോലെ പിന്തുടർന്നാൽ സേഫായി എന്ന് കരുതുന്നവരാണ് തലപ്പത്ത്. സ്വന്തമായി ഒരു പരീക്ഷണവും നടത്താൻ മലയാളത്തിലെ ഈ രണ്ട് ‘ലെഗസി മീഡിയ’കൾക്കും കെൽപില്ല എന്നതാണ് കഷ്ടം.
മലയാള മനോരമ കുടുംബത്തിൽ നിന്നുളള മനോരമ ന്യൂസ് പതിവ് പോലെ നാലാം സ്ഥാനത്തും മാതൃഭൂമി ന്യൂസ് അഞ്ചാം സ്ഥാനത്തുമാണ്. പോയവാരത്തേക്കാൾ പോയിൻറ് നിലയിൽ നേരിയ വർദ്ധനവ് വരുത്താൻ കഴിഞ്ഞു എന്നത് മാത്രമാണ് മുത്തശിമാരുടെ ചാനൽകുഞ്ഞുങ്ങൾക്ക് ആശ്വാസം പകരുന്ന കാര്യം.
തൊട്ടുമുൻപത്തെ ആഴ്ച 41.14 പോയിൻറ് ഉണ്ടായിരുന്ന മനോരമ ന്യൂസിന് ഒടുവിലത്തെ ആഴ്ചയിൽ 42.61 പോയിൻറുണ്ട്. 35.5 പോയിൻറ് ഉണ്ടായിരുന്ന മാത്യഭൂമി ന്യൂസിന് ഇപോൾ 37.23 പോയിൻറും ലഭിച്ചു.
പോയിൻറ് നിലയിൽ താഴേക്ക് പോയിക്കൊണ്ടിരുന്ന പ്രവണതക്ക് മാറ്റം വന്നുവെന്നത് ആശ്വാസകരം ആണെങ്കിലും മൊത്തം പോയിൻറ് 50ന് കീഴിലേക്ക് പതിച്ചത് മനോരമയ്ക്ക് ആശങ്കയാണ്.
ഇടക്കാലത്ത് മനോരമക്ക് വെല്ലുവിളി ഉയർത്തി കൊണ്ട് പോയിൻറ് നിലയിൽ മുന്നോട്ടുവന്ന മാതൃഭൂമി ന്യൂസ് ശക്തമായ തിരിച്ചുവരാനുളള ശ്രമത്തിലാണ്. നേരത്തെ ഫുഡ്, ട്രാവൽ വാർത്തകൾക്കും ഹ്യൂമൻ ഇൻററസ്റ്റ് പരമ്പരകൾക്കും മാത്രം പ്രാധാന്യം കൊടുത്തിരുന്ന മാതൃഭൂമി ന്യൂസ് ഇപ്പോൾ ഗൗരവമുളള വാർത്തകളും നൽകി തുടങ്ങിയിട്ടുണ്ട്.
38-ാം ആഴ്ചയിലെ റേറ്റിങ്ങിൽ ആറാം സ്ഥാനത്തായിരുന്ന കൈരളി ന്യൂസിന് ഈയാഴ്ച ആ മേധാവിത്വം നിലനിർത്താനായില്ല. കൈരളിയെ പിന്തളളി ജനം ടിവി ആറാം സ്ഥാനത്തെത്തി. ജനം ടിവിക്ക് 19.31 പോയിൻറ് ലഭിച്ചപ്പോൾ കൈരളിക്ക് 18.09 പോയിൻറാണുളളത്.
പോയ വാരത്തിൽ പോയിൻറ് കുറഞ്ഞതാണ് കൈരളി ന്യൂസിനെ ഏഴാം സ്ഥാനത്തെത്തിച്ചത്. ന്യൂസ് 18 കേരളയാണ് എട്ടാം സ്ഥാനത്ത്. 14.96 പോയിൻറാണ് ന്യൂസ് 18ൻെറ സമ്പാദ്യം.
പതിവ് പോലെ മീഡിയാ വൺ ചാനലാണ് റേറ്റിങ്ങിൽ ഏറ്റവും പിന്നിൽ. വാർത്താ ചാനൽ രംഗത്തെ പുതുമുഖങ്ങളായ പഴയ മംഗളം ചാനൽ മേധാവി ആർ അജിത് കുമാർ നയിക്കുന്ന ന്യൂസ് മലയാളം 24×7 ഇതുവരെ റേറ്റിങ്ങ് ചാർട്ടിൽ ഇടം പിടിച്ചിട്ടില്ല.
കേരളത്തിലെ പ്രമുഖ കേബിൾ ടിവി ശ്യംഖലയായ കേരളാ വിഷന് പങ്കാളിത്തമുളള ന്യൂസ് മലയാളത്തിന് റേറ്റിങ്ങിൽ മുന്നോട്ട് വരാനുളള സാധ്യതകളുണ്ട്.
70കളിലും 80കളിലും കോട്ടയം മാസികകള്‍ മലയാള വായനാ രംഗത്തുണ്ടാക്കിയ പൈങ്കിളി തരംഗത്തിന്റെ പുനരാവിഷ്‌കരണമാണ് ഇപ്പോള്‍ വാര്‍ത്താ ചാനലുകളില്‍ നടക്കുന്നതെന്ന വിമര്‍ശനവും ഇതോടൊപ്പം ഉയരുന്നുണ്ട്.
വര്‍ഷങ്ങളുടെ പാരമ്പര്യം ഉണ്ടായിരുന്ന രാജ്യത്തെ ഏറ്റവും പ്രചാരമുള്ള വാരികയെന്ന് പേരും പെരുമയും നേടിയ മംഗളം ഉള്‍പ്പടെ സകല പൈങ്കിളി പ്രസിദ്ധീകരണങ്ങളും പൂട്ടിപോയി എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. വാരികകള്‍ക്കുണ്ടായ സ്വാഭാവിക മരണം ഇപ്പോൾ കിതയ്ക്കുന്ന വാര്‍ത്താ ചാനലുകള്‍ക്ക് സംഭവിച്ചാല്‍ അതിശയിക്കാനില്ല എന്നതും മുൻകൂട്ടി കാണണം. പ്രത്യേകിച്ച് സോഷ്യൽ മീഡിയ യുഗത്തിൽ.