പത്തനംതിട്ട: പത്തനംതിട്ടയിൽ എ.എസ്.ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സംസ്ഥാന ഇന്റലിജൻസിലെ എ.എസ്.ഐ അടൂർ പോത്രാട് സ്വദേശി കെ. സന്തോഷ് ആണ് തൂങ്ങി മരിച്ചത്. നഗരത്തിൽ പൂണിയിൽ ഫ്ളവർ സ്റ്റോഴ്സിന് എതിർവശം അഭിഭാഷകരുടെ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ടെറസിലാണ് ഇന്നലെ വൈകിട്ട് മൃതദേഹം കണ്ടെത്തിയത്.
ഇന്റലിജൻസിൽ അടൂർ സ്‌റ്റേഷൻ കേന്ദ്രീകരിച്ചാണ് ജോലി ചെയ്തിരുന്നത് . വൈകിട്ട് മകനെയും കൂട്ടിയാണ് സന്തോഷ് പത്തനംതിട്ടയിലേക്ക് വന്നത്. ഈ വിവരം സഹപ്രവർത്തകരെയും വിളിച്ച് പറഞ്ഞിരുന്നു.
മകനെ ലോഡ്‌ജ് മുറിയിൽ ഇരുത്തിയ ശേഷം പുറത്തേക്ക് പോയ സന്തോഷിനെ പിന്നീട് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു എന്ന് പോലീസ് പറയുന്നു. സാമ്പത്തിക ബാധ്യത ആത്മഹത്യയിലേക്ക് നയിച്ചുവെന്നാണ് പ്രാഥമിക വിവരം. പത്തനംതിട്ട പോലീസ് മേൽനടപടി സ്വീകരിച്ചു.