കൊച്ചി: മദ്യപിച്ച് ലക്കുകെട്ട് വഴിയരികിൽ നിന്ന പിടികിട്ടാപ്പുള്ളി പിടിയിൽ. എറണാകുളം കടവന്ത്രയിലാണ് സംഭവം. തിരുവനന്തപുരം സ്വദേശി യൂസഫ് എന്നയാളാണ് കടവന്ത്ര പോലീസിന്റെ പിടിയിലായത്.
പതിവ് പട്രോളിംഗിനിടെ സംശയാസ്പതകരമായ സാഹചര്യത്തിൽ നിന്നയാളെ ചോദ്യം ചെയ്ത് സ്റ്റേഷനിൽ എത്തിച്ചപ്പോഴാണ് പിടികൂടിയത് പിടികിട്ടാപ്പുള്ളിയെ ആണെന്ന് മനസിലായത്.കോഴിക്കോട്സിറ്റി കസ്ബ പോലീസ് സ്റ്റേഷനിലെ വധശ്രമ കേസിൽ ഒളിവിൽ കഴിഞ്ഞു വന്നിരുന്ന പ്രതിയാണ് ഇയാൾ. കേസിൽ ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയ ഇയാളെ കോടതി പിടികിട്ടാപ്പുള്ളിയെ പ്രഖ്യാപിക്കുകയായിരുന്നു.
യൂസഫ് മലപ്പുറം കോഴിക്കോട് ജില്ലകളിൽ മോഷണം കവർച്ചാ ശ്രമം വധശ്രമം എന്നീ കേസുകളിലെ പ്രതിയാണ്. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് 3 കോടതിയാണ് യൂസഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതെന്ന് പോലീസ് പറഞ്ഞു.
സി ഐ രതീഷ് പി.എം, എസ്ഐമാരായ ബി ദിനേശ്, സജീവ് കുമാർ എന്നിവരാണ് പ്രതിയെ പിടികൂടിയത്.