കോട്ടയം: യാത്രക്കിടെ ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസില്‍ നിന്ന് പുറത്തേക്ക് ചാടിയ ഭര്‍ത്താവിന് പരിക്കേറ്റു. വൈക്കം ഇടയാഴം സ്വദേശിയാണ് ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് ജനൽ വഴി റോഡിലേക്ക് ചാടിയത്. തിങ്കളാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു സംഭവം.
തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്നു കെഎസ്ആര്‍ടിസി ബസിലാണ് സംഭവം. ബസ് ചങ്ങനാശേരി എത്തിയതുമുതല്‍ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നതായി സഹയാത്രികർ പറഞ്ഞു. തുടര്‍ന്ന് നാട്ടകം മറിയപ്പള്ളി ഭാഗത്തെത്തിയപ്പോള്‍ ബസില്‍ നിന്ന് ഇറങ്ങണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു. എന്നാല്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ഇറക്കാമെന്ന് ബസ് ജീവനക്കാര്‍ പറഞ്ഞു. ഇതോടെ ഇയാള്‍ ബസിന്റെ ജനലിലൂടെ റോഡിലേക്ക് ചാടുകയായിരുന്നു.
ഉടന്‍ തന്നെ 108 ആംബുലന്‍സ് വിളിച്ചുവരുത്തി ഭാര്യയും മറ്റുള്ളവരും ചേര്‍ന്ന് ഇയാളെ ആശുപത്രിയില്‍ എത്തിച്ചു. കോട്ടയം മെഡിക്കല്‍ കേളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളുടെ ഇടത് കാലിന് ഒടിവുണ്ട്. ആരോഗ്യനില തൃപ്തികരമാണെന്നും സ്‌കാനിങ്ങുകള്‍ക്ക് ശേഷം തുടര്‍ ചികിത്സ നിശ്ചയിക്കുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
അതേസമയം വാഹനത്തില്‍ നിന്ന് ചാടിയുള്ള അപകടമായതിനാല്‍ പ്രാഥമിക വിവരശേഖരണം നടത്തുമെന്ന് ഗാന്ധിനഗര്‍ പൊലീസ് അറിയിച്ചു. നിലവില്‍ ആരും പരാതിപ്പെട്ടിട്ടില്ലെന്നും പരാതി നല്‍കിയാല്‍ അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.
Read Also: 12 ദിവസത്തെ വിദേശ യാത്ര, ചെലവാക്കിയ പണം മുഴുവൻ മുഖ്യമന്ത്രിയുടെ പോക്കറ്റിലേത്; ഖജനാവിൽ നിന്ന് ഒരു രൂപ പോലും എടുത്തിട്ടില്ലെന്ന് സർക്കാർ