ക്ഷേത്രങ്ങളിൽ അരളിപ്പൂവ് ഒഴിവാക്കാനുള്ള നിർണായക തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഹരിപ്പാട് സ്വദേശിനി സൂര്യ സുരേന്ദ്രന്റെ മരണത്തിന്റെ പശ്ചാത്തലത്തിലാണ് നീക്കം. പൂവ് പൂജയ്ക്ക് ഉപയോഗിക്കുന്നതിൽ തെറ്റില്ല. എന്നാൽ നിവേദ്യം, അർച്ചന, പ്രസാദം തുടങ്ങിയവയ്ക്ക് ഉപയോഗിക്കരുതെന്ന് ദേവസ്വം ബോർഡ് നിർദേശം നൽകി. അരളിക്ക് പകരം പിച്ചിയും തുളസിയുമെല്ലാം ഉപയോഗിക്കും. നാളെ മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് പി.എസ് പ്രശാന്താണ് ഇക്കാര്യം അറിയിച്ചത്.
പുഷ്പാഭിഷേകം, നിറമാല എന്നിവയ്‌ക്കായി അരളിപ്പൂ ഉപയോഗിക്കുന്നത് തത്കാലം വിലക്കിയിട്ടില്ല. അരളിപ്പൂവ് സംബന്ധിച്ച് ആരോഗ്യവകുപ്പ് നിർദേശം നൽകിയാൽ നടപ്പിലാക്കും. ശാസ്ത്രീയമായ പരിശോധനാഫലത്തിൽ അരളിപ്പൂ വിഷമാണെന്ന് കണ്ടെത്തിയാൽ ക്ഷേത്രത്തിലെ ഒരു കാര്യങ്ങൾക്കും അരളിപ്പൂ ഉപയോഗിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. സൂര്യയുടെ മരണത്തിന് പിന്നാലെ അരളിപ്പൂ ഉപയോഗിക്കുന്നതിൽ ആശങ്കയറിയിച്ച് ക്ഷേത്രം ജീവനക്കാരും ഭക്തരും രംഗത്ത് എത്തിയിരുന്നു. ഇതേ തുടർന്ന് ബോർഡ് യോഗം ചേരുകയും ചെയ്തിരുന്നു. ഇതിലാണ് അരളി പൂവ് ഒഴിവാക്കാമെന്ന തീരുമാനം ഉയർന്നുവന്നത്. കഴിഞ്ഞ മാസം 28നായിരുന്നു യുകെയിലേക്ക് ജോലിക്കായി പോകുന്നതിനിടെ സൂര്യ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുഴഞ്ഞുവീണത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
Read Also: കുടിയേറ്റ നിയമങ്ങൾ ഉദാരമാക്കാൻ ജർമനി; ഇന്ത്യൻ വിദ്യാർഥികൾക്ക് കൂടുതൽ അവസരങ്ങൾ