കൊച്ചി: മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. സര്‍ക്കാര്‍ നിലപാട് കൂടി കണക്കിലെടുത്താണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. നിലവില്‍ അറസ്റ്റിനുള്ള സാഹചര്യമില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അറസ്റ്റ് ചെയ്യുകയാണെങ്കില്‍ ജാമ്യത്തില്‍ വിട്ടയക്കാനും പൊലീസിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. മകളുടെ വിവാഹചടങ്ങ് കണക്കിലെടുത്ത് മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നായിരുന്നു സുരേഷ് ഗോപിയുടെ ആവശ്യം.
മാധ്യമപ്രവര്‍ത്തകയുടെ ശരീരത്തില്‍ മന:പൂര്‍വ്വം സ്പര്‍ശിക്കുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍. പൊലീസ് ഗുരുതര വകുപ്പുകള്‍ ചുമത്തിയതിന് പിന്നാലെയായിരുന്നു സുരേഷ് ഗോപി മുന്‍കൂര്‍ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ ചുമത്തിയ ഐപിസി 354 എ 1, 4 വകുപ്പുകള്‍ക്ക് പുറമെ 354ഉം 119 എ വകുപ്പും ചുമത്തിയിട്ടുണ്ട്. ഒക്ടോബര്‍ 27 നു കോഴിക്കോട് തളിയില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയതാണ് കേസിനാസ്പദമായ സംഭവം.
തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തക പൊലീസിലും വനിതാ കമ്മീഷനിലും പരാതി നല്‍കുകയായിരുന്നു. പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ വഴി തടഞ്ഞ മാധ്യമ പ്രവർത്തകയെ മാറ്റുക മാത്രമാണ് ചെയ്തതെന്നും മോശമായി പെരുമാറിയിട്ടില്ലെന്നുമാണ് ഹർജിയിൽ പറയുന്നത്. കേസിൽ കോഴിക്കോട് നടക്കാവ് പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു.