ഇടുക്കി ചേറ്റു കുഴിയിൽ ശാരീരിക വെല്ലുവിളി നേരിടുന്ന ലോട്ടറി വ്യാപാരിയുടെ പെട്ടിക്കട സാമൂഹ വിരുദ്ധര്‍ നശിപ്പിച്ചതായി പരാതി. ചേറ്റുകുഴി ഇഞ്ചനാല്‍ ആന്റണി അഗസ്റ്റിന്‍ മൂന്നുവര്‍ഷമായി ചേറ്റുകുഴി ടൗണില്‍ ലോട്ടറിയും നിത്യോപയോഗ സാധനങ്ങളും കച്ചവടം നടത്തുന്ന ഉന്തുവണ്ടിയാണ് കഴിഞ്ഞ ദിവസം രാത്രി നശിപ്പിച്ചത്.
സംഭവത്തില്‍ ചേറ്റുകുഴി സ്വദേശികൾക്ക് എതിരെ ആൻ്റണി കമ്പംമെട്ട് പൊലീസില്‍ പരാതി നല്‍കി. നാലുവര്‍ഷം മുമ്പ് തീപ്പൊള്ളലേറ്റ് ഗുരുതരമായി പരിക്കേറ്റ ആന്റണി സുമനസുകളുടെ സഹായത്തോടെയാണ് ചേറ്റുകുഴി മലങ്കര കത്തോലിക്ക പള്ളിയോടുചേര്‍ന്ന് റോഡ് പുറമ്പോക്കില്‍ പെട്ടിക്കടയില്‍ ലോട്ടറി വ്യാപാരം തുടങ്ങിയത്.
ആഴ്ചകള്‍ക്ക് മുമ്പ് ബാങ്കില്‍നിന്ന് വായ്പയെടുത്ത് 50,000 രൂപയുടെ നിത്യോപയോഗ സാധനങ്ങളും വാങ്ങിയിരുന്നു. എന്നാല്‍ ഉന്തുവണ്ടി മാറ്റണമെന്ന് ആവശ്യപ്പെട്ട് രാഴ്ച മുമ്പ് പ്രദേശ വാസികളിൽ ചിലർ ഭീഷണിപ്പെടുത്തിയതായി ആന്റണി പറയുന്നു.
21 ന് രാവിലെ എത്തിയപ്പോള്‍ ഉന്തുവണ്ടി സ്ഥലത്തുണ്ടായിരുന്നില്ല. തെരച്ചിലില്‍ കുറ്റിക്കാട്ടില്‍ കേടുപാട് വരുത്തിയ നിലയില്‍ കണ്ടെത്തി. ഇതോടെ നിര്‍ധന കുടുംബത്തിന്റെ ഉപജീവനമാര്‍ഗം നിലച്ചു.
ആന്റണിയുടെ ഭാര്യ മാനസികാരോഗ്യ ചികിത്സയിലാണ്. രണ്ട് മക്കള്‍ വിദ്യാര്‍ഥികളും. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ലോട്ടറി വ്യാപാരം നടത്താന്‍ അനുവദിക്കണമെന്നും ആൻ്റണി പറയുന്നു.