മുഖം മനസ്സിന്റെ കണ്ണാടി എന്നാണല്ലോ പറയുന്നത്. കണ്ണിൽ നോക്കി ഒരാളുടെ മനസ്സിൽ എന്താണ് എന്നൊക്കെ പറയാൻ കഴിയും എന്ന് നാം കേട്ടിട്ടുണ്ട്. കണ്ണിൽ കണ്ണിൽ നോക്കി കഥകൾ കൈമാറുന്ന കവിഭാവനയൊക്കെ മണിക്ക് സുപരിചിതവുമാണ്. എന്നാൽ കവിഭാവനയെക്കാൾ അത്ഭുതകരാമാണ് ശാസ്ത്രം. ഇനി ചെവി നിങ്ങളുടെ കണ്ണിന്റെ നോട്ടം എവിടേക്കാണെന്നും എന്തിനാണെന്നും ശബ്ദം കൊണ്ട് കണ്ടെത്തും എന്നാണു പുതിയ പഠനങ്ങൾ പറയുന്നത്.
കണ്ണുകൾക്ക് ചെവിയോട് ‘സംസാരിക്കുന്ന’ രീതിയുണ്ടെന്ന് കൗതുകകരമായ ഈ പഠനം കണ്ടെത്തിയിരിക്കുന്നു. ഇയർ കനാലിൽ സ്ഥാപിക്കുന്ന മൈക്രോഫോണുകൾക്ക് ഐബോൾ ചലനങ്ങൾ സൃഷ്ടിക്കുന്ന സൂക്ഷ്മമായ ശബ്ദങ്ങൾ എടുക്കാൻ കഴിയുമെന്ന് ഗവേഷകർ കണ്ടെത്തിയതായി ഒരു പഠനത്തെ ഉദ്ധരിച്ച് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. നാഷണൽ അക്കാദമി ഓഫ് സയൻസസിന്റെ പ്രൊസീഡിംഗ്‌സിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇതിനെപ്പറ്റി പറയുന്നത്. ഒരു വ്യക്തി നോക്കുന്ന ദിശ നിർണ്ണയിക്കാൻ ഇത് ശാസ്ത്രജ്ഞരെ സഹായിക്കും. ബോധമനസ്സിന് അദൃശ്യമായ ഈ ശബ്ദങ്ങൾ, കണ്ണുകളുടെ ചലനങ്ങളിൽ നിന്നുള്ള സിഗ്നലുകളാൽ ഉത്തേജിതമാകുന്ന ചെവി പേശികളുടെ ചലനവുമായി ബന്ധപ്പെട്ടിരിക്കുന്നു.
കണ്ണുകളുടെ ചലനം, കണ്ണുകൾ നോക്കാൻ പോകുന്ന ലക്ഷ്യത്തിന്റെ സ്ഥാനം എന്നിവ മൈക്രോഫോൺ ഉപയോഗിച്ച് നിർമ്മിച്ച റെക്കോർഡിംഗുകളിൽ നിന്ന് നിങ്ങൾക്ക് മുൻകൂട്ടി മനസ്സിലാക്കാൻ സാധിക്കും. റിപ്പോർട്ടുകൾ പ്രകാരം, ഈ സംവിധാനങ്ങൾ വിഷ്വൽ, ഓഡിറ്ററി വിവരങ്ങൾ ഏകോപിപ്പിക്കാനുള്ള തലച്ചോറിന്റെ കഴിവുമായി ബന്ധപ്പെട്ടിരിക്കാം. കണ്ണുകൾ ചലിക്കുമ്പോഴും ചെവികളുടെ നേരിട്ടുള്ള സഹായമില്ലാതെ ശബ്ദങ്ങൾ കണ്ടെത്തുന്നതിന് ഇത് സഹായിക്കുന്നു. ഈ സൂക്ഷ്മമായ ശബ്ദങ്ങൾ മനസിലാക്കുന്നത് കേൾവിക്ക് വേണ്ടിയുള്ള നൂതന ക്ലിനിക്കൽ ടെസ്റ്റുകളുടെ വികസനത്തിന് കാരണമാകുമെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. കേൾവിക്കുള്ള ക്ലിനിക്കൽ പരിശോധനകളിൽ ഈ പഠനം സഹായിക്കും.