കൊച്ചി: കൊച്ചിയില്‍ വീണ്ടും ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് നടന്നതായി പരാതി. എളംകുളം സ്വദേശിയായ എണ്‍പത്തിയഞ്ചുകാരനാണ് തട്ടിപ്പിന് ഇരയായത്. പതിനേഴ് ലക്ഷത്തിലധികം രൂപയാണ് നഷ്ടമായത്.(Another digital arrest fraud in Kochi)
നവംബര്‍ മാസത്തിലാണ് സംഭവം. ജെറ്റ് എയര്‍വെയ്സിന്റെ പേരിലായിരുന്നു തട്ടിപ്പ് നടത്തിയത്. ജെറ്റ് എയര്‍വേയ്സ് മാനേജ്മെന്റുമായി നടത്തിയ തട്ടിപ്പില്‍ അറസ്റ്റ് രേഖപ്പെടുത്തുന്നു എന്ന് പറഞ്ഞ് കഴിഞ്ഞമാസം 22-ാം തീയതിയാണ് ഫോണിൽ വിളിച്ചത്. തട്ടിപ്പിൽ നിന്ന് ഒഴിവാക്കുന്നതിനായി ആദ്യം അയ്യായിരം രൂപ അയച്ചുതരാന്‍ പറഞ്ഞു. പിന്നീട് 27ന് വീണ്ടും വിളിച്ച് ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു. 28ന് 16 ലക്ഷം രൂപയും ആവശ്യപ്പെട്ടു. ഇങ്ങനെ 17ലക്ഷത്തിലധികം രൂപയാണ് പരാതിക്കാരനിൽ നിന്നും തട്ടിയെടുത്തത്.
എന്നാൽ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകളെ കുറിച്ച് അറിഞ്ഞപ്പോഴാണ് താൻ തട്ടിപ്പിനിരയായതായി എണ്‍പത്തിയഞ്ചുകാരന്‍ അറിയുന്നത്. ഇതിന് പിന്നാലെ സൈബര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.