ബദിയഡുക്ക: ചെർളടുക്കയിൽ വിദ്യാർഥിയെ നഞ്ചക്കും, സ്റ്റീൽ പൈപ്പും ഉപയോഗിച്ച് ആക്രമിച്ചതായി പരാതി. 16 കാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നെല്ലിക്കട്ട, ചെർക്കള, സാൽതടുക്ക സ്വദേശികളായ അഞ്ചുപേർക്കെതിരെ വധശ്രമത്തിന് കേസെടുത്തിരിക്കുകയാണ് ബദിയഡുക്ക പോലീസ്.
കേസിൽ ഉൾപ്പെട്ടവരിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അബുതാഹിർ (20), മുഹമ്മദ് ഷരീക്ക് (20) എന്നിവരാണ് കേസിൽ അറസ്റ്റിലായിരിക്കുന്നത്.
16 കാരൻ നൽകിയ വിവരങ്ങളനുസരിച്ച് തിങ്കളാഴ്ച രാത്രിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഏകദേശം രാത്രി എട്ടുമണിയോടെ കൂട്ടുകാർക്കൊപ്പം നിൽക്കുകയായിരുന്ന വിദ്യാർഥിയെയാണ് അഞ്ചംഗ സംഘം ആക്രമിച്ചത്.
കേസിൽ ഉൾപ്പെട്ട മൂന്നുപേർ കടന്നുകളഞ്ഞു. ഇവരിൽ ഒരാളേക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. മറ്റു രണ്ടുപേരെ കണ്ടാൽ തിരിച്ചറിയുമെന്നാണ് പരാതിക്കാരനായ വിദ്യാർഥി പറയുന്നത്.
ആക്രമണ സംഘത്തിലെ ഇനിയും പിടികൂടാനുള്ള പ്രതികളെ വൈകാതെ തന്നെ പിടികൂടുമെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ ശക്തമായ അന്വേഷണം നടത്തിവരികയാണ്. കേസിൽ നിലവിൽ അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.