കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കൊച്ചിയിൽ ഇന്ന് നിർണായക യോഗങ്ങൾ നടക്കും.
സൂത്രവാക്യം സിനിമയുടെ ഇന്റേണൽ കമ്മറ്റി യോഗവും ഫിലിം ചേംബറിൻറെ യോഗവുമാണ് ഇന്ന് കൊച്ചിയിൽ നടക്കുന്നത്.
നടൻ ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ച ശേഷം അപമര്യാദയായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്റെ പരാതി ഇരു യോഗത്തിലും ചർച്ചയാകും.
സൂത്രവാക്യം സിനിമയിലെ നാല് ഇന്റേണൽ കമ്മറ്റി അംഗങ്ങളാണ് യോഗം ചേരുന്നത്. വിൻസിയുടെ ആരോപണത്തിൽ ഇൻറേണൽ കമ്മിറ്റി എന്ത് നിലപാട് എടുക്കുന്നോ അത് നടപ്പാക്കാൻ ബാധ്യസ്ഥരാണ് സിനിമ സംഘടനകൾ.
എന്നാൽ, ഷൈൻ ടോം ചാക്കോയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്നതിനായി വിളിപ്പിക്കേണ്ടതില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘം.
രണ്ടാം ഘട്ട ചോദ്യം ചെയ്യൽ വേണമോ എന്നാ കാര്യം കൂടിയാലോചനയ്ക്ക് ശേഷം തീരുമാനിക്കും. എന്നാൽ നിലവിലെ മൊഴി വിശദമായി പരിശോധിക്കും.
ഇന്ന് കമ്മീഷണർ പുട്ട വിമലാദിത്യയുടെ നേതൃത്വത്തിൽ യോഗം ചേർന്ന ശേഷമാകും തുടർനടപടികൾ എന്ത് വേണമെന്ന് തീരുമാനിക്കുക.
കഴിഞ്ഞ ദിവസം നടന്ന ചോദ്യം ചെയ്യലിന് ശേഷം മാർച്ച് 22ന് ഹാജരാകാൻ ഷൈനിന് നിർദേശം നൽകിയിരുന്നു. എന്നാൽ 22ന് തനിക്ക് അസൗകര്യം ഉണ്ടെന്നും 21ന് ഹാജരാകാമെന്നും ഷൈൻ അറിയിക്കുകയും പോലീസ് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.
പിന്നീടാണ് ഷൈൻ ഇപ്പോൾ ഹാജരാകേണ്ടതില്ലെന്ന് പോലീസ് അറിയിച്ചത്. ഈ സംഭവങ്ങൾ നടന്ന സമയത്ത് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സ്ഥലത്തുണ്ടായിരുന്നില്ല.
ഇന്ന് നടക്കുന്ന കൂടിയാലോചനകൾക്കും മൊഴികളിലെ വിശദ പരിശോധനയ്ക്കും ശേഷമാകും ഷൈനിനെ വീണ്ടും ചോദ്യം ചെയ്യുന്ന കാര്യത്തിൽ തീരുമാനമാവുക.