ഇടുക്കി ഇരട്ടയാറിൽ സർക്കാർ ഇംഗ്ലീഷ് മീഡിയം സ്ക്കൂളിലെ കുട്ടികളെ സ്ക്കൂൾ അധികൃതരും രക്ഷകർത്താക്കളും അറിയാതെ മാനേജ്മെൻറ് സ്ക്കൂളിലേക്ക് മാറ്റിയതായി ആരോപണം. സർക്കാർ സൈറ്റിൽ ഉൾപ്പെടെ വിദ്യാർഥികളുടെ പട്ടിക തിരുത്തിയത് വിവാദമായതോടെ പുറത്ത് വരുന്നത് ജില്ലാ വിദ്യാഭ്യാസ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പുകളുടെ നീണ്ട കഥകൾ.
ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കുട്ടികളെയാണ് ആറാം ദിവസത്തെ കണക്കെടുപ്പിന് മുന്നോടിയായി മാറ്റിയത്. കുട്ടികളുടെ വിവരങ്ങളുള്ള സമ്പൂർണ പോർട്ടലിൽ തിരുത്തൽ വരുത്തി കട്ടപ്പന ഡി.ഇ.ഒ. ഓഫീസിലെ ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിലാണ് ക്രമക്കേട് നടന്നതെന്നാണ് സൂചന.
1800 ൽ അധികം കുട്ടികൾ പഠിക്കുന്ന സംസ്ഥാനത്തെ സർക്കാർ ഇംഗ്ലീഷ് മീഡിയം സ്ക്കൂളാണ് ശാന്തിഗ്രാം ഇ. എം. എച്ച്.എസ്.എസ്. തിങ്കളാഴ്ചയാണ് ഇത്തവണ ആറാം അധ്യയന ദിവസത്തെ കണക്കെടുപ്പ് നടത്തിയത്. വെള്ളിയാഴ്ച വരെ സ്ക്കൂളിലുണ്ടായിരുന്ന അഞ്ചു കുട്ടികളെ ശനി, ഞായർ എന്നീ അവധി ദിവസങ്ങളിൽ മറ്റൊരു മാനേജ്മെന്റ് സ്കൂളിലേക്ക് മാറ്റുകയായിരുന്നു.
തിങ്കളാഴ്ച കുട്ടികളെ കാണാതായതോടെ സ്ക്കൂൾ അധികൃതർ കുട്ടികളുടെ വിവരങ്ങളുള്ള സമ്പൂർണ പോർട്ടലിൽ നടത്തിയ പരിശോധനയിലാണിത് കണ്ടെത്തിയത്. മൂന്ന് കുട്ടികൾ അഞ്ചാം ക്ലസിലും രണ്ടു പേർ എട്ടാം ക്ലാസിലും പഠിക്കുന്നവരാണ്. ഈ കുട്ടികളിലാരും തന്നെ ടി.സി.ക്കായി സ്ക്കൂളിൽ അപേക്ഷ നൽകിയിരുന്നില്ല.
സമ്പൂർണ പോർട്ടൽ വഴി കുട്ടികൾക്ക് ടി.സി. അനുവദിക്കാൻ കഴിയുന്നത് പ്രധാന അധ്യാപകർക്കും ജില്ല വിദ്യാഭ്യാസ ഓഫീസിനുമാണ്.കുട്ടികളുടെ വിവരങ്ങൾ നീക്കം ചെയ്ത ശേഷം തിങ്കളാഴ്ച ഓൺലൈനായി ടി.സി. ക്ക് അപേക്ഷ നൽകി തിരിമറിയും നടത്തിയിട്ടുണ്ട്.
മറ്റൊരു കുട്ടിയുടെ അപേക്ഷ രക്ഷകർത്താക്കൾ അറിയാതെ ഓൺലൈനായി എത്തിയെങ്കിലും സ്ക്കൂൾ മാറാൻ താത്പര്യമില്ലന്ന് ഇവർ എഴുതി നൽകുകയും ചെയ്തു. അനുമതിയില്ലാതെ കുട്ടികളെ സ്ക്കൂൾ മാറ്റിയത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സ്ക്കൂൾ അധികൃതർ ജില്ല വിദ്യാഭ്യാസ ഓഫീസർക്കും മന്ത്രിക്കും പി.ടി.എ. പരാതി നൽകിയിട്ടുണ്ട്.
കട്ടപ്പന ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിലാണ് തട്ടിപ്പ് നടത്തിയതെന്നും ഇവർ ആരോപിക്കുന്നു. ഇതേ ഉദ്യോഗസ്ഥനെതിരെ ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയെന്ന വിവരത്തെ തുടർന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംഭവത്തിൽ വിദ്യഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചെങ്കിലും ഉദ്യോഗസ്ഥനെ സർവീസിൽ നിന്നും മാറ്റി നിർത്താൻ തയാറായിട്ടില്ല.