കാക്കനാട്: കഴിഞ്ഞ പത്തു വർഷത്തിനിടെ തൃക്കാക്കര പോലീസ് സ്റ്റേഷനിൽ എത്തിയിട്ടുള്ളവർക്കെല്ലാം ടൈഗറിനെ പരിചയമുണ്ടാകും. പോലീസ് നായ അല്ലെങ്കിലും അതേ പ്രൗഡിയിൽ സ്റ്റേഷൻ അടക്കി ഭരിച്ചിരുന്ന ടൈഗറിനെ. കേസുകൾ ഉൾപ്പെടെ എന്ത് ആവശ്യങ്ങൾക്കും പൊലീസ് സംഘം പുറത്തേക്ക് ഇറങ്ങിയാലും കൂടെ ടൈഗറും ഉണ്ടാകും.
കലക്ടറേറ്റ് കവാടത്തിലെ സമര വേദികളിൽ പൊലീസിനൊപ്പം ടൈഗറും സ്ഥിര സാന്നിധ്യമാണ്. എത്ര പൊലീസുകാർ കൂട്ടം കൂടി നിന്നാലും തൃക്കാക്കര സ്റ്റേഷനിലെ പൊലീസുകാരെ തിരിച്ചറിഞ്ഞ് അവർക്കരികിൽ അവൻ നിലയുറപ്പിക്കുമായിരുന്നു.
നാലു വർഷങ്ങൾക്ക് മുമ്പ് 2020ൽ അപകടത്തിൽ കാലിന് ഗുരുതര പരിക്കേറ്റ ടൈഗറെ മരടിലെ ശ്രദ്ധ മൊബൈൽ ആർട്ടിഫിഷൻ ഇൻസിമിനേഷൻ ആൻഡ് വെറ്ററിനറി കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ആറാം ദിവസം അവിടെ നിന്ന് ചാടി കിലോമീറ്ററോളം കാൽനടയായി നടന്ന് തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ തിരിച്ചെത്തിയിരുന്നു.
2016ൽ സ്വാതന്ത്ര്യ ദിന തലേന്ന് കലക്ടറേറ്റ് പരേഡ് ഗ്രൗണ്ടിലെ പന്തലിൽ ഡപ്യൂട്ടി പൊലീസ് കമീഷണർ യതീഷ്ചന്ദ്ര വിളിച്ചുകൂട്ടിയ യോഗത്തിനെത്തിയ തൃക്കാക്കര സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് അകമ്പടിയായി അവരുടെ അനുമതിയില്ലാതെ എത്തി പിൻനിരയിൽ കിടപ്പുറപ്പിച്ച ടൈഗറിനെ ഏറെ ബുദ്ധിമുട്ടിയാണ് പൊലീസ് അന്ന് യോഗ സ്ഥലത്ത് നിന്നു മാറ്റിയത്.
അങ്ങനെയെല്ലാം തൃക്കാക്കര പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ അരുമയായിരുന്ന വളർത്തുനായ് ‘ടൈഗർ’ ഇനിയില്ല. കാറിടിച്ചായിരുന്നു ടൈഗറിന്റെ അന്ത്യം.