ഇന്ത്യക്കെതിരെ ‘ആകാശയുദ്ധം’ തുടരുന്നു. മുംബൈയില്‍ നിന്നും ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യയുടേ എ ഐ സി 129 ബോയിംഗ് 777 വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് ഹീത്രൂ വിമാനത്താവളത്തില്‍ അടിയന്തിര ലാന്‍ഡിംഗ് നടത്തി. എയര്‍ ഇന്ത്യ വിമാനത്തിന് ലാന്റ് ചെയ്യാന്‍ ഒരു മണിക്കൂര്‍ ബാക്കി നില്‍ക്കെയാണ് ബോംബ് ഭീഷണി വന്നത്. ഇതേ തുടര്‍ന്ന് വിമാനത്തിനുള്ളില്‍ ഓണ്‍ ബോര്‍ഡ് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കേണ്ടി വന്നു.
ഇതിനായി പൈലറ്റുമാര്‍ സ്‌ക്വാകിങ് 7700 എന്ന കോഡ് ഉപയോഗിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ എയര്‍ ട്രാഫിക് കണ്‍ട്രോളിനെ (എടിസി) വിവരം അറിയിക്കാനായി ഉപയോഗിക്കുന്ന കോഡുകളില്‍ ഒന്നാണിത്. ഈ സമയം ഈസ്റ്റ് ഇംഗ്ലണ്ടിന് മുകളിലായിരുന്നു വിമാനം. തുടര്‍ന്ന് റോയല്‍ എയര്‍ഫോഴ്സിന്റെ ഫൈറ്റര്‍ ജെറ്റുകള്‍ പറന്നുയര്‍ന്ന് അകമ്പടി സേവിച്ച് എയര്‍ ഇന്ത്യ വിമാനത്തെ താഴെയിറക്കുകയായിരുന്നു. ഇതോടെ കോടികളുടെ നഷ്ടമാണ് എയര്‍ഇന്ത്യക്ക് ഒറ്റയടിക്ക് ഉണ്ടായത്.
ഒരാഴ്ചയായി വിവിധ ഇന്ത്യന്‍ വിമാന സര്‍വ്വീസുകള്‍ക്ക് നേരെ വ്യാജ ബോംബ് ഭീഷണികള്‍ ഉയരുന്നുണ്ട്. ഇതോടെ വ്യാജ ബോംബ് ഭീഷണി ഉയര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി കഴിഞ്ഞു. ഇക്കഴിഞ്ഞ ബുധനാഴ്ച ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും മുംബൈയിലേക്ക് പോവുകയായിരുന്ന ഇന്ത്യയുടെ വിസ്റ്റാര എയര്‍ലൈന്‍സ് വിമാനത്തിനും സമൂഹ മാധ്യമങ്ങളില്‍ ഭീഷണി ഉയര്‍ന്നെങ്കിലും ലക്ഷ്യ സ്ഥാനത്ത് തന്നെ സുരക്ഷിതമായി ഇറങ്ങിയെന്ന് എയര്‍ലൈന്‍ വക്താവ് അറിയിച്ചു.
ആവശ്യമായ സെക്യൂരിറ്റി നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി തങ്ങള്‍ സെക്യൂരിറ്റി ഏജന്‍സികളുമായി പൂര്‍ണ്ണമായും സഹകരിക്കുന്നുണ്ടെന്നും വക്താവ് അറിയിച്ചു. മൂന്ന് വിമാനങ്ങള്‍ക്ക് നേരെ വ്യാജ ഭീഷണി ഉയര്‍ത്തിയ, പ്രായപൂര്‍ത്തിയാകാത്ത ഒരു വ്യക്തിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതായി ഇന്ത്യന്‍ വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡു പറഞ്ഞിരുന്നു. ഇത്തരം ഭീഷണികള്‍ ഉയര്‍ത്തിയ മറ്റുള്ളവരെയും ഉടനടി കണ്ടെത്തുമെന്നും കര്‍ശനമായ നിയമ നടപടികള്‍ക്ക് വിധേയമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ വ്യാജ ബോംബ് ഭീഷണിയെ തുടര്‍ന്ന് ന്യൂഡല്‍ഹിയില്‍ നിന്നും ഷിക്കാഗോയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിന് കാനഡയില്‍ അടിയന്തിര ലാന്‍ഡിംഗ് നടത്തേണ്ടതായി വന്നു. ഇന്നലെ അഞ്ച് എയര്‍ഇന്ത്യ വിമാനങ്ങള്‍ക്കും രണ്ട് വിസ്താര വിമാനങ്ങള്‍ക്കും രണ്ട് ഇന്‍ഡിഗോ വിമാനങ്ങള്‍ക്കും നേരെ ബോംബ് ഭീഷണി വന്നു. ഈ ആഴ്ച ഇതുവരെ 20തോളം വ്യാജ ബോംബ് ഭീഷണികളാണ് വന്നത്.
നാല് ദിവസങ്ങള്‍ക്കിടെ 20 ഓളം ഇന്ത്യന്‍ വിമാനങ്ങള്‍ക്കാണ് വ്യാജ ബോംബ് ഭീഷണി വന്നത്. വിഷയം ഗൗരവത്തിലെടുത്ത വ്യോമയാന മന്ത്രാലയം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
English summary :Air India flight makes emergency landing at Heathrow; Fake bomb threats against Indian air services: ‘Sky war’ against India continues