മസ്കത്ത് : ബോർഡിങ് പാസ് നൽകിയിട്ടും യാത്രക്കാരനെ കൂട്ടാതെ മസ്കത്തിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് പറന്നുയർന്നു. ജീവനക്കാരുടെ നിരുത്തരവാദപരമായ പെരുമാറ്റത്തിന് ഇരയായത് കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശിയാണ്.
നവംബർ 29ന് ഉച്ചക്ക് 12.30നാണ് സംഭവം. കണ്ണൂരിലേക്കുള്ള വിമാനത്തിനാണ് ഇയാൾ ടിക്കറ്റെടുത്തത്. ഇയാൾ കൃത്യസമയത്തിന് മുമ്പുതന്നെ മത്രയിൽനിന്ന് മസ്കത്ത് വിമാനത്താവളത്തിൽ എത്തിയിരുന്നു. ബോർഡിങ് പാസ് നൽകിയ ശേഷം നിശ്ചിത സമയത്തിലും അരമണിക്കൂർ കഴിഞ്ഞേ വിമാനം പുറപ്പെടുകയുള്ളൂ എന്ന് അറിയിപ്പ് ലഭിച്ചതിനേ തുടർന്ന് പ്രാഥമിക കാര്യങ്ങൾക്കും മറ്റുമായി ലോഞ്ചിനകത്ത് തന്നെയുള്ള പ്രാർഥനാ മുറിയിൽ പോയി വിശ്രമിച്ച് തിരിച്ചുവന്ന് ഗേറ്റിന് സമീപം കാത്തിരിക്കുകയായിരുന്നു.
എന്നാൽപറഞ്ഞ സമയം കഴിഞ്ഞും അനൗൺസ്മെൻറോ അന്വേഷണമോ കാണാത്തതിനാൽ കൗണ്ടറിൽ ചോദിച്ചപ്പോഴാണ് വിമാനം പറന്ന വിവരം അറിയുന്നത്. ഇദ്ദേഹമടക്കം അഞ്ചുപേരാണ് അവസാനമായി കയറാനുണ്ടായിരുന്നത്. നാലംഗ കുടുംബത്തിലെ ചെറിയ കുട്ടിയെക്കൂടി കൂട്ടത്തിൽ അഞ്ചായി എണ്ണിയതാണ് എയർ ഇന്ത്യ അധികൃതർക്ക് പറ്റിയ പിശക്.
തങ്ങൾക്ക് പറ്റിയ തെറ്റ് ആദ്യം സമ്മതിക്കാൻ കൂട്ടാക്കാതിരുന്ന അധികൃതർ രാത്രി 2.30നുള്ള വിമാനത്തിൽ പുതിയ ടിക്കറ്റെടുത്ത് പോകാനാണ് നിർദേശിച്ചത്.
തൻറെ കൈയിൽ പണം അവശേഷിക്കുന്നില്ലെന്നും ബോർഡിങ് പാസ് തന്ന യാത്രക്കാരനെ ഒഴിവാക്കി വിമാനം പോയത് ഏത് കാരണത്താലാണെന്നും ചോദിച്ചപ്പോൾ പിറ്റേന്ന് വെളുപ്പിന് 2.50ന് കോഴിക്കോട്ടേക്കുള്ള യാത്രാപാസ് നൽകുകയായിരുന്നു.
യാത്ര മുടങ്ങിയ സമയത്തെ ഒരു നേരത്തെ ഭക്ഷണം മാത്രം നൽകിയിരുന്നുവെങ്കിലും രാത്രി കഴിച്ച ഭക്ഷണത്തിന് പണം ഈടാക്കിയെന്ന് യാത്രക്കാരൻറെ മത്രയിലുള്ള മകൻ അറിയിച്ചു. മകൻറെ വിവാഹ ഒരുക്കങ്ങൾക്കായി നാട്ടിലേക്ക് പുറപ്പെട്ട യാത്രക്കാരനാണ് ദുരനുഭവം ഉണ്ടായത്.