ബാങ്ക് അക്കൗണ്ടിൽ നിന്നും 436 രൂപ നഷ്ടമായോ? ഈ മാസം അവസാനിക്കും മുമ്പ് രാജ്യത്തെ പതിനെട്ടിനും അമ്പതിനും ഇടയിൽ പ്രായമുള്ളവരുടെ അക്കൗണ്ടിൽ നിന്നും 436 രൂപ പിടിക്കുമെന്നാണ് അറിയിപ്പ്. ഇത് എന്തിനെന്നല്ലേ?
പ്രധാൻമന്ത്രി ജീവൻ ജ്യോതി ബീമാ യോജന (പിഎംജെജെബിവൈ) എന്ന ഇൻഷുറൻസ് പദ്ധതിയുടെ വാർഷിക പ്രീമിയമാണ് ഇത്. ചെറിയ തുകക്ക് നിങ്ങളുടെ ജീവന് വലിയൊരു കവറേജും കേന്ദസ്രർക്കാർ നൽകുന്നുണ്ട്.
പിഎംജെജെബിവൈയിൽ അംഗമാകുന്നവർക്ക് അപ്രതീക്ഷിതമായി മരണം സംഭവിക്കുകയാണെങ്കിൽ നിങ്ങളുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപവരെയാണ് ലൈഫ് ഇൻഷുറൻസ് പരിരക്ഷയായി ലഭിക്കുക.
രാജ്യത്തെ ഒട്ടുമിക്ക ബാങ്കുകളും തങ്ങളുടെ ഉപയോക്താക്കൾക്ക് ഈ സേവനം നൽകുന്നുണ്ട്. അതായത്, ബാങ്കിൽ അക്കൗണ്ട് എടുക്കുമ്പോൾ തന്നെ നമ്മൾ പിഎംജെജെബിവൈയിൽ അംഗമാകാനുള്ള അനുവാദവും നൽകുകയാണ്.
പ്രധാൻമന്ത്രി ജീവൻ ജ്യോതി ബീമാ യോജന പദ്ധതിയുടെ ഒരുവർഷത്തെ പ്രീമിയം തുകയാണ് നിങ്ങളുടെ അക്കൗണ്ടിൽനിന്ന് കട്ടായ 436 രൂപ. ഈ തുക ബാങ്ക് അക്കൗണ്ടിൽ നിന്ന് ഓട്ടോ ഡെബിറ്റ് ആയി പിടിക്കുകയാണ് ചെയ്യുന്നത്. എല്ലാവർഷവും മേയ് മാസത്തിലാണ് ഈ തുക അക്കൗണ്ടിൽ നിന്ന് പിടിക്കുന്നത്.
പ്രീമിയം അടയ്ക്കാൻ ഏതെങ്കിലും കാരണവശാൽ വിട്ടുപോയാൽ അതുമൂലം ഇൻഷുറൻസ് സേവനം നഷ്ടമാവാൻ സാധ്യതയുണ്ട്. അതിനാലാണ് ഓട്ടോ ഡെബിറ്റ് സംവിധാനം വഴി പണം പിടിക്കുന്നത്. ഇത്രയും തുക അക്കൗണ്ടിൽ നിന്ന് പിടിക്കുമെന്ന് അറിയിപ്പ് നിങ്ങൾക്ക് ബാങ്കിൽ നിന്ന് നേരത്തേ ലഭിച്ചിട്ടുണ്ടായിരിക്കും.
ഇനി നിങ്ങൾക്ക് ഇത്തരമൊരു പദ്ധതിയിൽ തുടരാൻ താൽപര്യമില്ലെങ്കിൽ അതിൽനിന്ന് പിന്മാറാനും സാധിക്കും. ഏത് ബാങ്കാണോ നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പദ്ധതിക്കുവേണ്ടി തുക പിടിച്ചത് ആ ബാങ്കിന്റെ ശാഖയുമായി ബന്ധപ്പെടണം. അല്ലെങ്കിൽ അവരുടെ വെബ്‌സൈറ്റിലെ ഓപ്ഷനുകൾ ഉപയോഗിച്ച് പദ്ധതിയിൽ നിന്ന് പിന്മാറാവുന്നതാണ്.