ബെംഗളൂരു: ബെംഗളൂരുവിൽ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ യുവാവിൽ നിന്നും 11.8 കോടി രൂപ തട്ടിയതായി പരാതി. 39 കാരനാണ് തട്ടിപ്പിനിരയായത്. നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.(Again ‘Digital Arrest’ Scam; A software engineer in Bengaluru lost Rs 11.8 crore)
യുവാവിന്റെ ആധാർ കാർഡ് ദുരുപയോഗം ചെയ്യപ്പെടുകയാണെന്നും കള്ളപ്പണം വെളുപ്പിക്കുന്നതിനായി ഉപയോഗിച്ചു വരുന്നുണ്ടെന്നും തെറ്റിദ്ധരിപ്പിച്ചാണ് പണം തട്ടിയത്. നവംബർ 11 ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞാണ് വിളിച്ചതെന്ന് പരാതിയിൽ പറയുന്നു. ആധാർ കാർഡുമായി ബന്ധിപ്പിച്ച യുവാവിന്റെ സിം കാർഡ് നിയമവിരുദ്ധമായ പരസ്യങ്ങൾക്കും മറ്റും ഉപയോഗിക്കപ്പെട്ടെന്നും ഇതുമായി ബന്ധപ്പെട്ട് മുംബൈയിലെ കൊളാബ സൈബർ പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും യുവാവിനെ അറിയിച്ചു.
തുടർന്ന് യുവാവിന്റെ ആധാർ കാർഡ് ദുരുപയോഗം ചെയ്യപ്പെടുകയാണെന്നും കള്ളപ്പണം വെളുപ്പിക്കുന്നതിനായി ഉപയോഗിച്ചു വരുന്നുവെന്നും പറഞ്ഞ് മറ്റൊരു കോൾ വന്നുവെന്നും ആണ് എഫ്ഐആറിൽ പറയുന്നത്. ഇക്കാര്യം രഹസ്യമായി സൂക്ഷിക്കാൻ നിർദേശിച്ചിക്കുകയും വെർച്വൽ ഇൻവെസ്റ്റിഗേഷനുമായി സഹകരിക്കാനും, ഇല്ലെങ്കിൽ നേരിട്ട് അറസ്റ്റ് രേഖപ്പെടുത്തേണ്ടി വരുമെന്നും പറഞ്ഞ് കബളിപ്പിക്കുകയായിരുന്നു.
അറസ്റ്റ് ഭയന്ന യുവാവ് നിശ്ചിത കാലയളവിൽ ഒന്നിലധികം ഇടപാടുകളിലായി മൊത്തം 11.8 കോടി രൂപ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തു നൽകി. എന്നാൽ കൂടുതൽ പണം പിന്നെയും ആവശ്യപ്പെടാൻ തുടങ്ങിയതോടെയാണ് പോലീസിൽ പരാതിപ്പെട്ടത്. പരാതിയിൽ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.