ചെന്നൈ: സർക്കാർ സഹായം വാങ്ങിത്തരാമെന്ന് അമ്മയെ വിശ്വസിപ്പിച്ച ശേഷം തട്ടിക്കൊണ്ടുപോയ നവജാതശിശുവിനെ കണ്ടെത്തി. കണ്ണകി നഗർ കുമാർ നിഷാന്തി ദമ്പതികളുടെ 44 ദിവസം പ്രായമായ കുട്ടിയെ ആണ് തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ പ്രതിയായ തിരുവേർക്കാട് സ്വദേശി ദീപയെ കണ്ടെത്താൻ പൊലീസ് അന്വേഷണം ശക്തമാക്കി.
സൗജന്യ ആരോഗ്യപരിശോധനയ്ക്കെന്ന വ്യാജേനയാണ് നിഷാന്തിയെയും കൂട്ടി ടി നഗറിൽ ദീപ എത്തിയത്. ഓട്ടോയിലായിരുന്നു യാത്ര. ഭക്ഷണം കഴിക്കാൻ റസ്റ്ററന്റിൽ കയറിയപ്പോൾ നിഷാന്തി കുഞ്ഞിനെ ദീപയെ ഏൽപിച്ച് കൈ കഴുകാൻ പോയി. തിരികെ എത്തിയപ്പോഴേക്കും കുട്ടിയുമായി ദീപ സ്ഥലംവിട്ടിരുന്നു. പിന്നീട്, കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങളുണ്ടായതോടെ ദീപ വേലപ്പൻചാവടിയിലെ ആശുപത്രിയിലെത്തി.
ആശുപത്രി ജീവനക്കാർ കുഞ്ഞിന്റെ വിവരങ്ങൾ തിരക്കിയതോടെയാണ് കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. വയറിൽ തുണി കെട്ടിവച്ച്, ഗർഭിണിയാണെന്ന് അഭിനയിച്ച് ഭർത്താവിനെ കബളിപ്പിച്ച് വന്നിരുന്ന ദീപ, നവജാതശിശുക്കളുടെ വിവരങ്ങൾ തേടി പല വീടുകളിലും കയറിയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഐഡികാർഡും ഫയലുമായാണ് ഇവർ വീടുകൾ കയറി ഇറങ്ങിയിരുന്നത്.