കേരളത്തിൽ എല്ലാവർഷവും വെള്ളപ്പൊക്കം പതിവായി സംഭവിക്കുമെന്ന് ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിന്‍റെ ദുരന്ത നിവാരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി. തിരുവനന്തപുരത്തും എറണാകുളത്തും ആലപ്പുഴയിലുമൊക്കെ ഈ പ്രതിഭാസം കാണും എന്നാണു അദ്ദേഹം പറയുന്നത്. അർബൻ ഫ്ളഡ്ഡിഗ് എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിക്കുന്നത്. അർബൻ ഫ്ളഡ്ഡിഗ് സംഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് തുമ്മാരുകുടി പറഞ്ഞു. മുതിർന്ന മാദ്ധ്യമപ്രവർത്തകനായ എം.ജി രാധാകൃഷ്‌ണനുമായുള്ള അഭിമുഖത്തിനാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറയുന്നത്.
തുമ്മാരുകുടിയുടെ വാക്കുകൾ:
”കേരളത്തിൽ ഏറ്റവും ആദ്യം ചെയ്യേണ്ടത് ക്ളൈമറ്റ് റിസ്‌ക് ഇൻഫോർമ്‌ഡ് പ്ളാനിംഗ് ഉണ്ടാക്കുകയാണ്. ഇത് കേരളത്തിൽ വളരെ അത്യാവശ്യമാണ്. അടുത്ത 50 വർഷത്തെ കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള അറിവ് നമുക്കുണ്ട്. അതുകൊണ്ടുതന്നെ ഇനി എവിടെ വീട് വയ‌്ക്കുന്നു, കൃഷി ചെയ്യുന്നു, റോഡുണ്ടാക്കുന്നു, കടൽഭിത്തി കെട്ടുന്നു എന്നൊക്കെ ശരിയാണോയെന്ന് ആലോചിച്ച് വേണം തീരുമാനമെടുക്കാൻ. 50 വർഷം കൂടികഴിഞ്ഞാൽ എറണാകുളം ടൗണിലെ അനവധി ഭാഗങ്ങൾ മനുഷ്യജീവിതം സാദ്ധ്യമാകുമെന്ന് തോന്നുന്നില്ല. അവിടൊക്കെ വീടുവാങ്ങാൻ പോകുന്നവർക്ക് ഇന്നതറിയില്ല. ഒരു സ്ഥലത്ത് സർക്കാർ പ്രോജക്‌ടുകൾ വരുന്നത് സാധാരണജനങ്ങളെ അവിടെ നിക്ഷേപിക്കാൻ പ്രേരിപ്പിക്കും. ഇതൊഴിവാക്കി ഭൂവിനിയോഗം മനസിലാക്കി വേണം കാര്യങ്ങൾ നീക്കാൻ.
കേരളത്തിൽ ഇന്നുണ്ടാകുന്ന വെള്ളകെട്ടുകൾക്ക് നാല് പ്രധാന കാരണങ്ങളുണ്ട്. ഒന്നാമത്തേത് ഉയർന്ന സാന്ദ്രതയിലാണ് മഴ പെയ്യുന്നത്. വെള്ളത്തിന് നിലനിൽക്കാനുള്ള സ്ഥലം നേരത്തേയുണ്ടായിരുന്നത് ഇപ്പോഴില്ലാ എന്നതാണ് രണ്ടാമത്തെ കാരണം. വെള്ളം ഒഴുകി കൊണ്ടിരുന്ന പല സ്ഥലങ്ങളും റോഡും റെയിൽവേലൈനുമായി മാറിക്കഴിഞ്ഞു. കടലിലെ ജലനിരപ്പ് ഉയരുന്നതാണ് നാലാമത്തെ കാരണം. എറണാകുളത്ത് സ്ഥിരം വെള്ളക്കെട്ട് ഉണ്ടാകാനുള്ള കാരണം ഇത്തരത്തിൽ കടലിലെ ജലനിരപ്പ് ഉയരുന്നു എന്നതുകൊണ്ടുതന്നെയാണ്. ഈ നാലു കാര്യങ്ങളാണ് കേരളത്തിലെ നഗരങ്ങളെ വെള്ളക്കെട്ടിൽ മുക്കുന്നത്”