തിരുവനന്തപുരം: യുവ അഭിഭാഷകയെ ക്രൂരമായി മർദിച്ച സംഭവത്തിൽ ബെയ്ലിൻ ദാസിന് വിലക്കേർപ്പെടുത്തി. അടിയന്തര ബാർ കൗൺസിൽ യോഗം ചേർന്നാണ് നടപടി സ്വീകരിച്ചത്. ഇന്നുമുതൽ ബെയ്ലിൻ ദാസിനെ പ്രാക്റ്റീസ് ചെയ്യാൻ അനുവദിക്കില്ല.
നടന്നത് അസാധാരണ സംഭവമെന്നും യോഗം വിലയിരുത്തി. പ്രതിക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്. സംഭവത്തിൽ ബെയ്ലിൻ ദാസിൻ്റെ അഭിഭാഷ അംഗത്വം റദ്ദാക്കണമെന്ന് തിരുവനന്തപുരം ബാർ അസോസിയേഷൻ ശുപാർശ ചെയ്തിരുന്നു.
ബാർ കൗൺസിലിന് ബാർ അസോസിയേഷൻ റിപ്പോർട്ട് നൽകിയിട്ടുണ്ട്. മർദിച്ചത് പ്രഥമദൃഷ്ട്യാ വസ്തുതാപരമെന്ന് ബാർ അസോസിയേഷൻ കണ്ടെത്തി. ബാർ അസോസിയേഷൻ പ്രസിഡൻറ് പ്രമോദ് പള്ളിച്ചൽ ആണ് റിപ്പോർട്ട് സമർപ്പിച്ചത്.
ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. വഞ്ചിയൂർ കോടതിയിലെ ജൂനിയർ അഭിഭാഷക ശ്യാമിലിയെയാണ് സീനിയർ അഭിഭാഷകനായ ബെയ്‌ലിൻ ക്രൂരമായി മർദിച്ചത്. ബെയ്‌ലിൻ മോപ് സ്റ്റിക് കൊണ്ട് മർദ്ദിച്ചുവെന്നാണ് ശ്യാമിലി പരാതിയിൽ പറയുന്നത്. വഞ്ചിയൂര്‍ മഹാറാണി ബില്‍ഡിങ്ങിലുള്ള ഓഫീസില്‍ വെച്ചാണ് യുവതിയ്ക്ക് മർദനമേറ്റത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12:30 യോടെയായിരുന്നു സംഭവം.
ശ്യാമിലിയും അഭിഭാഷകനും തമ്മിൽ രാവിലെ തർക്കമുണ്ടായിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് പ്രതി യുവതിയെ മർദിച്ചതെന്നാണ് വിവരം. അടിയേറ്റ് താൻ ആദ്യം താഴെ വീണു. അവിടെനിന്ന് എടുത്ത് വീണ്ടും അടിച്ചു. കണ്ടുനിന്നവരാരും എതിർത്തില്ലെന്നും ശ്യാമിലി പറയുന്നു.
അതിനിടെ ശ്യാമിലിയുടെ പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആറുമാസമായ കുട്ടിയുടെ അമ്മയാണ് ശ്യാമിലി. സംഭവത്തിൽ വനിതാ കമ്മീഷനും കേസെടുത്തിട്ടുണ്ട്.