അദാണി റോയൽസ് കപ്പ്; ഓഗസ്റ്റ് മൂന്നിന് കോവളത്ത്
തിരുവനന്തപുരം: അദാണി ട്രിവാൻഡ്രം റോയൽസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ അദാണി റോയൽസ് കപ്പ് ഏകദിന ടെന്നീസ് ബോൾ ക്രിക്കറ്റ് ടൂർണമെന്റ് ഓഗസ്റ്റ് 3-ന് കോവളം വാഴമുട്ടം സ്പോർട്സ് ഹബ്ബിൽ നടക്കും. തീരദേശ മേഖലയിലെ, പ്രത്യേകിച്ച് വിഴിഞ്ഞം ഭാഗത്തെ ക്രിക്കറ്റ് പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും വളർത്തിയെടുക്കുന്നതിനുമായാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
‘തീരദേശ മേഖലയിൽ ക്രിക്കറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമുണ്ട്, അതിനാൽ തന്നെ യുവാക്കൾക്ക് സാധാരണ വൈറ്റ് ബോൾ,റെഡ് ബോൾ ക്രിക്കറ്റിൽ വേണ്ടത്ര അവസരങ്ങൾ ലഭിക്കുന്നില്ല. എന്നാൽ ഈ പ്രദേശങ്ങളിൽ ടെന്നീസ് ബോൾ ക്രിക്കറ്റിന് വലിയ പ്രചാരമുണ്ട്. അതിനാലാണ് ഞങ്ങൾ ടെന്നീസ് ബോൾ ടൂർണമെന്റുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്. താഴെത്തട്ടിലുള്ള ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.’- ടീം ഡയറക്ടർ റിയാസ് ആദം പറഞ്ഞു.
ആദ്യഘട്ടത്തിൽ വിഴിഞ്ഞം, പൂവാർ, ശംഖുമുഖം എന്നിവിടങ്ങളിൽ നിന്നുള്ള താമസക്കാർക്ക് മാത്രമാണ്
ടൂർണമെന്റിൽ പങ്കെടുക്കാൻ അവസരം. തുടർന്നുള്ള ടൂർണമെന്റുകളിൽ മറ്റു മേഖലകളെയും ഉൾപ്പെടുത്തും.
രാവിലെ 8 മണിക്ക് ആരംഭിക്കുന്ന ടൂർണമെന്റിൽ 16 ടീമുകളാണ് പങ്കെടുക്കുന്നത്. എം വിൻസന്റ് എംഎൽഎ മുഖ്യാതിഥിയാകുന്ന ചടങ്ങിൽ വിഴിഞ്ഞം ഗുഡ് ലേഡി ഓഫ് വോയേജ് പള്ളി വികാരി റവ. ഫാദർ ഡോ. നിക്കോളാസ് പങ്കെടുക്കും.
വിജയികൾക്ക് ട്രോഫിയും ക്യാഷ് പ്രൈസും സമ്മാനിക്കും. ടൂർണമെന്റിലെ മികച്ച ബാറ്റ്സ്മാൻ,മികച്ച ബൗളർ,ഏറ്റവും മൂല്യമുള്ള താരം എന്നിവർക്ക് പ്രത്യേക പുരസ്‌കാരങ്ങൾ നൽകും. ഇതിനുപുറമെ, ഓരോ മത്സരത്തിലെയും മികച്ച കളിക്കാരന് മാൻ ഓഫ് ദ മാച്ച് പുരസ്‌കാരവും സമ്മാനിക്കും. വിജയികൾക്കും റണ്ണേഴ്സ് അപ്പിനും ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന കേരള ക്രിക്കറ്റ് ലീഗ് മത്സരം സൗജന്യമായി കാണാനുള്ള വിഐപി പാസുകളും നൽകും. മത്സരം കാണാനെത്തുന്ന കാണികൾക്ക് അദാനി റോയൽസ് ക്യാപ്പുകൾ സൗജന്യമായി നൽകുമെന്നും സംഘാടകർ അറിയിച്ചു. പ്രമുഖ ചലച്ചിത്ര സംവിധായകൻ പ്രിയദർശനും ജോസ് തോമസ് പട്ടാറയും നേതൃത്വം നൽകുന്ന പ്രോ-വിഷൻ സ്‌പോർട്‌സ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡിന് കീഴിലുള്ള കൺസോർഷ്യമാണ് ട്രിവാൻഡ്രം റോയൽസിന്റെ ഉടമകൾ. ഡോ. ശശി തരൂർ എംപിയാണ് ടീമിന്റെ മുഖ്യ രക്ഷാധികാരി.
മനോജ് മുഖ്യപരിശീലകൻ
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് സീസൺ -2 വിലെ പ്രധാന ടീമായ അദാണി ട്രിവാൻഡ്രം റോയൽസിന്റെ മുഖ്യപരിശീലകനായി എസ് മനോജ് ചുമതലയേറ്റു. കേരളത്തിന്റെ മുൻ രഞ്ജി താരവും കെസിഎയുടെ ടാലന്റ് റിസേർച്ച് ഡവലപ്‌മെന്റ് ഓഫീസറുമായിരുന്ന ഇദ്ദേഹം എറണാകുളം തൃപ്പൂണിത്തുറ സ്വദേശിയാണ്. ആദ്യ സീസണിൽ ടീമിന്റെ ബാറ്റിങ് കോച്ചായിരുന്നു മനോജ്. തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബിന്റെ ക്രിക്കറ്റ് ഓപ്പറേഷൻസ് ഡയറക്ടർ കൂടിയായ ഇദ്ദേഹം കേരള അണ്ടർ-19 ടീമിന്റെ സെലക്ഷൻ കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.
മുഖ്യ പരിശീലകനെ കൂടാതെ, സപ്പോർട്ടീവ് ടീമിനെയും മാനേജ്‌മെന്റ് പ്രഖ്യാപിച്ചു. ബൗളിംഗ് പ്രകടനത്തിൽ കൂടുതൽ മൂർച്ച കൂട്ടുന്നതിനായി അഭിഷേക് മോഹനാണ് ബൗളിംഗ് കോച്ചായി ചുമതലയേറ്റിരിക്കുന്നത്. ഫീൽഡിംഗിലെ മികവിന് ഊന്നൽ നൽകി മദൻ മോഹൻ ഫീൽഡിംഗ് കോച്ചായും ടീമിനൊപ്പമുണ്ട്.
കളിക്കാരുടെ കായികക്ഷമത ഉറപ്പുവരുത്തുന്നതിനായി അരുൺ റോയ് (സ്‌പോർട്‌സ് ഫിസിയോ), എ.എസ് ആശിഷ് (സ്‌ട്രെങ്ത് ആൻഡ് കണ്ടീഷനിംഗ് കോച്ച്) എന്നിവരും സംഘത്തിലുണ്ട്. മത്സരങ്ങൾ കൃത്യമായി അപഗ്രഥിക്കുന്നതിനും തന്ത്രങ്ങൾ മെനയുന്നതിനും പെർഫോമൻസ് ആൻഡ് വീഡിയോ അനലിസ്റ്റായി ഉമേഷ് വി.എസും ടീമിന്റെ സുഗമമായ നടത്തിപ്പിനായി ടീം മാനേജരായി രാജു മാത്യുവും പ്രവർത്തിക്കും. കഴിഞ്ഞ സീസണിലെ പ്രകടനം വിലയിരുത്തി ടീമിന്റെ എല്ലാ മേഖലകളും ശക്തിപ്പെടുത്തുന്നതിലാണ് ഇത്തവണ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
‘യുവനിരയുടെയും പരിചയസമ്പന്നരായ താരങ്ങളുടെയും ഒരു മികച്ച സംയോജനമാണ് ഇത്തവണ ടീമിന്റെ കരുത്ത്. ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ കഴിയുന്ന പ്രകടനം കാഴ്ചവെക്കാൻ ടീമിന് സാധിക്കുമെന്ന് ഉറപ്പുണ്ട്,’ എസ്. മനോജ് പറഞ്ഞു. സിനിമാ മേഖലയിലെ പ്രമുഖരായ പ്രിയദർശൻ, കല്യാണി പ്രിയർദർശൻ, കീർത്തി സുരേഷ് എന്നിവർ നേതൃത്വം നൽകുന്ന പ്രോ വിഷൻ സ്‌പോർട്‌സ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ് ടീം.
English Summary:
The first-ever Adani Royals Cup one-day tennis ball cricket tournament will be held on August 3 at Vazhammuttam Sports Hub, Kovalam. The event aims to promote cricketing talent from Vizhinjam and surrounding coastal areas.