2018ല്‍ പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബൻ ചിത്രം ‘കുട്ടനാടന്‍ മാര്‍പ്പാപ്പ’യിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച് പിന്നീട് നിരവധി ചിത്രങ്ങളിൽ കഴിവ് തെളിയിച്ച നടിയാണ് സുരഭി സന്തോഷ്. മോഡലും ക്ലാസിക്കൽ ഡാൻസറും അഭിഭാഷകയുമാണ് സുരഭി. രണ്ടു ദിവസം മുൻപ് സുരഭി ഇട്ട ഒരു ഇൻസ്റ്റഗ്രാം പോസ്റ്റ് ആരാധകരെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. ‘എല്ലായ്പ്പോഴും എന്റേതുമാത്രം’ എന്ന തലക്കെട്ടോടെ ഒരു യുവാവിനൊപ്പമുള്ള ചിത്രം പങ്കുവച്ചെങ്കിലും കൂടുതലൊന്നും വെളിപ്പെടുത്തിയിരുന്നില്ല. പ്രേക്ഷകർ പ്രതീക്ഷിച്ചതുപോലെ തന്നെ സുരഭി വിവാഹിതയാകാൻ ഒരുങ്ങുകയാണ്. വിവാഹനിശ്‌ചയം വളരെ നാൾ മുൻപു കഴിഞ്ഞുവെന്നും ഇപ്പോഴാണ് തുറന്നു പറയാനുള്ള സമയമെത്തിയതെന്നും സുരഭി പറയുന്നു.
ബോളിവുഡ് ഗായകനായ പ്രണവ് ചന്ദ്രൻ ആണ് സുരഭിയുടെ പ്രതിശ്രുത വരൻ. സരിഗമ ലേബലിലെ ആർട്ടിസ്റ്റ് ആണ് പ്രണവ്. വീട്ടുകാർ നിശ്ചയിച്ച് ഉറപ്പിച്ച വിവാഹം ആണിതെന്ന് സുരഭി പറയുന്നു. കണ്ണൂരാണ് പ്രണവിന്റെ വീട് എങ്കിലും ജനിച്ചു വളർന്നത് മുംബൈയിലാണ്. മാർച്ചിൽ ആണ് ആദ്യമായി കണ്ടുമുട്ടിയത്. വിവാഹനിശ്ചയം കഴിഞ്ഞിട്ട് കുറച്ചു നാളുകളായി. തമ്മിൽ മനസ്സിലാക്കാൻ കുറച്ചു സമയം വേണം എന്ന് തോന്നിയതിനാലാണ് ആരോടും ഇതുവരെ പറയാതിരുന്നതെന്ന് സുരഭി പറയുന്നു. 2024 മാർച്ച് 25നാണ് ഇവരുടെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്. തിരുവനന്തപുരം കോവളത്ത് വച്ച് ആയിരിക്കും ചടങ്ങുകൾ നടക്കുക എന്ന് സുരഭി പറഞ്ഞു.
സുരഭി ഒടുവിൽ അഭിനയിച്ചത് ധ്യാൻ ശ്രീനിവാസനോടൊപ്പം ‘ആപ് കൈസാ ഹോ’ എന്ന ചിത്രത്തിലാണ്.