പാലക്കാട്: പ്രശസ്ത സിനിമ-സീരിയൽ നടി മീന ഗണേഷ് അന്തരിച്ചു. 81 വയസ്സായിരുന്നു. ഇന്ന് പുലർച്ചെ ഷൊർണൂർ പി കെ ദാസ് ആശുപത്രിയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. കഴിഞ്ഞ അഞ്ചുദിവസമായി ചികിത്സയിലായിരുന്നു അവർ.(Actress meena ganesh passed away)
200-ൽ പരം സിനിമകളിലും, 25-ൽ പരം സീരിയലുകളിലും നിരവധി നാടകങ്ങളിലും മീന ഗണേഷ് അഭിനയിച്ചിട്ടുണ്ട്. എക്കാലത്തെയും മികച്ച ചിത്രങ്ങളായ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ, നന്ദനം, എന്നീ സിനിമകളിലെ വേഷങ്ങൾ പ്രേക്ഷക പ്രീതി നേടി. സ്കൂൾ പഠനകാലത്ത് കൊപ്പം ബ്രദേഴ്സ് ആർട്ട്സ് ക്ലബ്ബിലൂടെയാണ് മീന ആദ്യമായി നാടകരംഗത്തേക്ക് എത്തിയത്. തുടർന്ന് നാടകത്തിൽ സജീവമാവുകയും കോയമ്പത്തൂർ, ഈറോഡ്, സേലം എന്നിവിടങ്ങളിലെ മലയാളി സമാജങ്ങളിലടക്കം അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
1976 ൽ റിലീസായ മണിമുഴക്കം എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തുകൊണ്ട് സിനിമയിക്കുള്ള രംഗപ്രവേശനം. എന്നാൽ 1991ലെ മുഖചിത്രം എന്ന ചിത്രത്തിൽ പാത്തുമ്മ എന്ന കഥാപാത്രത്തിലൂടെയാണ് മീന ഗണേഷ് സിനിമയിൽ സജീവമായത്. തമിഴ് സിനിമ അഭിനേതാവ് നടൻ കെ പി കേശവന്റെ മകളാണ്. 1971-ൽ പ്രശസ്ത നാടകരചയിതാവും സംവിധായകനും നടനുമായ എ എൻ ഗണേഷിനെ ആണ് വിവാഹം ചെയ്തത്. സീരിയൽ സംവിധായകനായ മനോജ് ഗണേഷ്, സംഗീത എന്നിവരാണ് മക്കൾ.