മലയാള സിനിമ നടി കനകലത അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. മറവി രോഗവും പാർക്കിൻസൺസും ബാധിച്ച കനകലത അവസാന നാടുകളിൽ ഏറെ ദുരിതാവസ്ഥയിലായിരുന്നു. 2021ൽ രോഗം തിരിച്ചറിഞ്ഞത് മുതൽ ഏറെ ദുരിതത്തിലായിരുന്നു നടി. ഉറക്കകുറവിൽ തുടങ്ങിയ അസുഖം പിന്നീട് രൂക്ഷമാവുകയായിരുന്നു. 2022 ഓഗസ്റ്റിലാണ് ഡിമെൻഷ്യ രോഗമാണെന്ന് തിരിച്ചറിഞ്ഞത്. കഴിഞ്ഞവർഷം സഹോദരി വിജയമ്മയാണ് കനകലതയുടെ അവസ്ഥ പുറംലോകത്തെ അറിയിച്ചത്.
കഴിഞ്ഞ 38 വർഷത്തിനിടെ മലയാളത്തിലും തമിഴിലുമായി 360 ലേറെ സിനിമകളിൽ അഭിനയിച്ചു. അമച്വർ നാടകങ്ങളിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന കനകലതയുടെ ആദ്യ സിനിമ ‘ഉണർത്തുപാ’ട്ട് ആയിരുന്നു. എന്നാൽ സിനിമ വെളിച്ചം കണ്ടില്ല. പിന്നീട് നിരവധി സിനിമകളിലൂടെ മലയാളത്തിൽ സജീവമായി. പ്രിയം, ആദ്യത്തെ കണ്മണി, പുതുക്കോട്ടയിലെ പുതുമണവാളൻ തുടങ്ങി കനകലത അഭിനയിച്ച അവിസ്മരണീയമാക്കിയ കഥാപാത്രങ്ങൾ ഏറെയാണ്.16 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ വിവാഹമോചനം നേടിയ കനകലതയ്ക്കു മക്കളില്ല.