കൊച്ചി: പോലീസ് തന്റെ സ്വൈരജീവിതം തടസ്സപ്പെടുത്തുന്നു എന്നാരോപിച്ച് ഡിജിപിക്ക് പരാതി നൽകി നടൻ സിദ്ദിഖ്. പോലീസ് നിരന്തരം പിന്തുടരുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. എന്നാൽ സാക്ഷികളെ സ്വാധീനിക്കാൻ സിദ്ദിഖ് ശ്രമിക്കുന്നുണ്ടോ എന്ന് കണ്ടെത്താനാണ് പരിശോധനയെന്നാണ് പൊലീസിന്റെ വിശദീകരണം.( Actor Siddique complaint against police)
ചിത്രീകരണ സ്ഥലത്ത് ഉൾപ്പെടെ താൻ പോകുന്ന സ്ഥലത്ത് എല്ലാം പൊലീസ് പിന്തുടരുന്നു, സ്വൈരജീവിതം തടസ്സപ്പെടുത്തുന്നുവെന്നും മാധ്യമങ്ങൾക്ക് പൊലീസ് വാർത്ത ചോർത്തുന്നുവെന്നും സിദിഖിന്റെ പരാതിയിൽ പറയുന്നു. സ്വകാര്യ വാഹനങ്ങളിലും ബൈക്കുകളിലും തന്നെ പോലീസ് പിന്തുടരുന്നതായാണ് സിദ്ദിഖ് പറയുന്നത്. സിവിൽ ഡ്രസ്സിൽ ആണ് തനിക്ക് പിന്നാലെ പോലീസ് നടക്കുന്നതെന്ന് പരാതിയിൽ പറയുന്നു. സിദ്ദിഖിന്റെ പരാതി ഡിജിപി എറണാകുളം സെൻട്രൽ എസിപിക്ക് കൈമാറി.
നടന്റെ കുട്ടമശ്ശേരിയിലെയും പടമുകളിലെയും വീട്ടിലും സിനിമാ സെറ്റുകളിലും പൊലീസ് നിരീക്ഷണം ഉണ്ട്. നടൻ ആരെയൊക്കെ കാണുന്നു, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നുണ്ടോ തുടങ്ങിയവ കണ്ടെത്തലാണ് ലക്ഷ്യം. അതേസമയം യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ നടൻ സിദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പോലീസ് ആരോപിച്ചു.