ലോസ് ഏയ്ഞ്ചൽസ്: ഹോളിവുഡ് നടൻ ക്രിസ്റ്റ്യൻ ഒലിവ(51)റും രണ്ട് പെൺമക്കളും വിമാനാപകടത്തിൽ മരിച്ചു. ഒലിവറിനൊപ്പം മക്കളായ മെഡിറ്റ (10), അനിക് (12), പൈലറ്റ് റോബർട്ട് ഷാസ് എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച സ്വകാര്യവിമാനം ടേക്ക്ഓഫിനു പിന്നാലെ കരീബിയൻ കടലിൽ പതിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. മത്സ്യത്തൊഴിലാളികളും കോസ്റ്റ് ഗാർഡും സംഭവ സ്ഥലത്തേക്ക് ഉടൻ എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രാദേശിക സമയം ഉച്ചക്ക് 12.10ന് സെന്‍റ് വിൻസെന്‍റിലെ ബെക്വിയ വിമാനത്താവളത്തിൽ നിന്ന് ഗ്രനേഡൈൻസിലേക്ക് ഒറ്റ എഞ്ചിൻ വിമാനം പുറപ്പെട്ടത്. കുടുംബത്തിനൊപ്പം അവധി ആഘോഷിക്കാനാണ് താരവും കുടുംബവും ബെക്വിയയിലെത്തിയത്. വിമാനം കടലിൽ പതിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പാജെറ്റ് ഫാമിലെ മീൻപിടിത്തക്കാർ കണ്ടിരുന്നു. ദൃക്സാക്ഷികളിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.
2006ൽ പുറത്തിറങ്ങിയ ‘ദ് ഗുഡ് ജർമൻ’ എന്ന ചിത്രത്തിൽ ജോർജ് ക്ലൂണിക്കൊപ്പമാണ് ക്രിസ്റ്റ്യൻ ഒലിവർ ആദ്യമായി ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. 2008ൽ പുറത്തിറങ്ങിയ ആക്‌ഷൻ – കോമഡി ചിത്രമായ ‘സ്പീഡ് റേസറി’ലൂടെ പ്രശസ്തനായി. 60ലേറെ സിനിമകളിലും ടെലിവിഷൻ ഷോകളിലും ഒലിവർ ഭാഗമായിട്ടുണ്ട്. ‘സേവ്ഡ് ബൈ ദ് ബെൽ: ദ് ന്യൂ ക്ലാസ്’ എന്ന ടിവി ഷോയിലൂടെയാണ് ആദ്യകാലത്ത് പ്രേക്ഷക ശ്രദ്ധ നേടിയത്.
Read Also: ‘മുഖ്യമന്ത്രി സൂര്യനെപ്പോലെ, അടുത്ത് പോയാൽ കരിഞ്ഞു പോകും’; എം.വി ഗോവിന്ദൻ