തിരുവനന്തപുരം : സോളർ അഴിമതിയാരോപണങ്ങൾ അന്വേഷിച്ച ജസ്റ്റിസ് ജി.ശിവരാജൻ കോടികൾ വാങ്ങിയാണ് ഉമ്മൻ ചാണ്ടിക്കെതിരെ റിപ്പോർട്ട് തയ്യാറാക്കിയതെന്ന് വെളിപ്പെടുത്തിയത് മുൻ മന്ത്രിയും സിപിഐയുടെ മുതിർന്ന നേതാവുമായ സി.ദിവാകരനായിരുന്നു. ഉമ്മൻചാണ്ടി അനുസ്മരണത്തിൽ സംസാരിക്കവേ നടത്തിയ പരാമർശം വലിയ വിവാദമായെങ്കിലും അന്വേഷണം ഉണ്ടായില്ല. ജനകീയനായ മുൻ മുഖ്യമന്ത്രിയെ അപമാനിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് അദേഹത്തിന്റെ അനുയായികൾ വിമർശിച്ചു. സുധാകരന്റെ വിമർശനം സാധൂകരിക്കുന്ന തരത്തിൽ സിബിഐ റിപ്പോർട്ടും പുറത്ത് വന്നു. സോളാർ കേസിൽ ഉമ്മൻചാണ്ടിയെ കുരുക്കാൻ ഗൂഡാലോചന നടന്നുവെന്നായിരുന്നു സിബിഐ കണ്ടെത്തൽ . ഇതിന്റെ അടിസ്ഥാനത്തിൽ അടിയന്തരപ്രമേയം ഉന്നയിച്ച് യുഡിഎഫ് നേതൃത്വം നിയമസഭ സമ്മേളനം പ്രഷുബ്ദ്ധമാക്കി. നേതാക്കൾ ആരെങ്കിലും എഴുതി നൽകിയാൽ അന്വേഷിക്കാമെന്ന് സർക്കാർ മറുപടി നൽകി. പക്ഷെ അന്വേഷണം നടത്തി വീണ്ടും കാര്യങ്ങൾ സജീവമാക്കണ്ട എന്നായിരുന്നു കോൺഗ്രസ് നേതൃത്വത്തിൽ ഉണ്ടായ ധാരണ. ഇതേ തുടർന്ന് പീന്നീട് വിഷയം ആറി തണുത്തു. നേതാക്കൾ പ്രതികരണം പോലും പിന്നീട് നടത്തിയിട്ടില്ല എന്നതാണ് ശ്രദ്ധേയം. മാസങ്ങൾക്ക് ശേഷം വീണ്ടും സി.ദിവാകരന്റെ വെളിപ്പെടുത്തൽ സജീവമാക്കുകയാണ് ഉമ്മൻചാണ്ടിയുടെ കുടുംബം. അദേഹത്തിന്റെ ഇളയ മകളും ഇടത്പക്ഷ പ്രോഫൈലുകളിൽ നിന്നും സൈബർ ആക്രമണത്തിന് വിധേയമാവുകയും ചെയ്തിട്ടുള്ള അച്ചു ഉമ്മൻ തന്നെ രംഗത്ത് എത്തിയിരിക്കുന്നു. വനിതാ മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് പ്രതികരണം .
ജുഡീഷ്യൽ സംവിധാനത്തെ സംശയത്തിന്റെ നിഴലിൽ നിർത്തിയതാണ് സി.ദിവാകരന്റെ വെളിപ്പെടുത്തൽ. സോളർ അന്വേഷണത്തിലെ സിബിഐ റിപ്പോർട്ട് കുടുംബത്തെ ഞെട്ടിച്ചില്്ല. കാരണം, ഉമ്മൻ ചാണ്ടി നൂറു ശതമാനം നിരപരാധി ആണെന്നു നൂറ്റൊന്നു ശതമാനം ഉറപ്പായിരുന്നു.അത് സിബിഐ ശരി വച്ചു. പക്ഷേ, സി ദിവാകരന്റെ വെളിപ്പെടുത്തൽ ശരിക്കും ഞെട്ടിച്ചുവെന്ന് അച്ചു ഉമ്മൻ പറഞ്ഞു.
സോളർ അഴിമതിയാരോപണങ്ങൾ അന്വേഷിക്കാൻ ജസ്റ്റിസ് ജി.ശിവരാജൻ കമ്മീഷനെ നിയമിച്ചത് ഉമ്മൻചാണ്ടി തന്നെയാണ്. അദേഹം നിയമിച്ച കമ്മീഷൻ ആരിൽ നിന്നാണ് കോടികൾ വാങ്ങി റിപ്പോർട്ട് എഴുതിയതെന്ന് സി.ദിവാകരൻ പറഞ്ഞിട്ടില്ല. നാലോ അഞ്ചോ കോടി വാങ്ങിച്ച് ‘കണാ കുണാ’ റിപ്പോർട്ട് എഴുതി നൽകുകയായിരുന്നുവെന്നായിരുന്നു മുൻ മന്ത്രിയുടെ പരാമർശം. അച്ചു ഉമ്മൻ പരാതി രേഖാമൂലം തന്നെ സർക്കാരിന് എഴുതി നൽകുമെന്ന സൂചന അഭിമുഖത്തിലുണ്ട്.
ജസ്റ്റിസ് ശിവരാജൻ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉമ്മൻ ചാണ്ടിക്കും കോൺഗ്രസ് നേതാക്കൾക്കും എതിരെ ഒന്നാം പിണറായി സർക്കാർ കേസെടുത്തു മുന്നോട്ടു പോയത്. അത് കൊണ്ട് തന്നെ അന്വേഷണം നടത്തിയാൽ പല വമ്പൻമാരും ഇരുപക്ഷത്ത് നിന്നുമായി പ്രതികൂട്ടിലാകുമെന്ന് ഉറപ്പാണ്.
നേരത്തെ അച്ചു ഉമ്മൻ നൽകിയ ഒരു പരാതി ഇത് വരെ സർക്കാർ അന്വേഷിച്ചിട്ടില്ല. സൈബർ ആക്രമണത്തിനെതിരെ തെളിവുകൾ സഹിതം പരാതി വനിതാ കമ്മിഷന് നൽകി. പക്ഷെ ഇത് വരെ പരിഗണിച്ചിട്ടില്ല. അതിൽ നിരാശയുണ്ടെന്ന് അച്ചു ഉമ്മൻ അഭിമുഖത്തിൽ പറഞ്ഞു. അതേ രീതിയിൽ ജസ്റ്റിസ് ശിവരാമൻ കമ്മീഷനെതിരായ പരാതി അവഗണിക്കാൻ സർക്കാരിന് കഴിയില്ല. ആരെങ്കിലും രേഖാമൂലം ആവിശ്യപ്പെട്ടാൽ അന്വേഷിക്കാമെന്ന് മുഖ്യമന്ത്രി നിയമസഭയിലാണ് പറഞ്ഞിട്ടുള്ളത്. ആ വാക്കിൽ നിന്നും പിന്നോട്ട് പോകാനാകില്ല. കേസെടുത്താൻ സി. ദിവാകരന്റെ മൊഴി എടുക്കേണ്ടി വരും. ഇപ്പോഴത്തെ ഇടത്പക്ഷ നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന സി.ദിവാകരൻ ആ നിലപാട് ആവർത്തിച്ചാൽ കേസെടുത്ത് അന്വേഷിക്കേണ്ടി വരും. പിണറായി സർക്കാരിനെ പ്രതികൂട്ടിൽ നിറുത്തുന്ന രീതിയിൽ അന്വേഷണം മാറിയേക്കാം. ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ സർക്കാരിന് വലിയ പ്രതിസന്ധിയാണ് അച്ചു ഉമ്മന്റെ വെളിപ്പെടുത്തൽ സൃഷ്ട്ടിച്ചിരിക്കുന്നത്.
Read Also : പ്രീണനങ്ങളോട് മുഖം തിരിക്കുന്ന വിനായക രാഷ്ട്രീയം