മൂവാറ്റുപുഴ: വെങ്ങോല ഇരട്ടക്കൊലപാതക കേസിലെ പ്രതി അബ്ദുൾ ഹക്കീമിന് ഇരട്ട ജീവപര്യന്തം തടവും, രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പെരുമ്പാവൂർ വെങ്ങോല ഒർണ ഭാഗത്ത് നടന്ന ഇരട്ട കൊലപാതകത്തിലാണ് ആസാം സ്വദേശി അബ്ദുൾ ഹക്കീമിന് മൂവാറ്റുപുഴ അഡീഷ്ണൽ ഡിസ്ട്രികട് ആന്റ് സെഷൻസ് കോടതി ജഡ്ജ് ടോമി വർഗീസ് ഇരട്ടജീവപര്യന്തം തടവും, രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചത്. 2015 ഏപ്രിലിലാണ് പ്രതി, ഭാര്യ മെഹമൂദയേയും മൂന്ന് മാസം പ്രായമുള്ള ആൺകുട്ടിയേയും കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം കേരളത്തിൽ നിന്നും രക്ഷപെട്ട പ്രതിയെ പെരുമ്പാവൂർ പോലീസ് നാഗലാന്റിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യ തെളിവുകളുടേയും, ശാസ്ത്രിയ തെളിവുകളുടേയും അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ കുറ്റം തെളിയിക്കാൻ സാധിച്ചത്. പെരുമ്പാവൂർ പോലീസ് ഇൻസ്പെക്ടർ എസ്.മുഹമ്മദ് റിയാസാണ് പ്രതിക്കെതിരെ കുറ്റപത്രം ഹാജരാക്കിയത്. പ്രോസിക്യൂഷനായി അഡി.പബ്ലിക് പ്രോസിക്യുട്ടർ കെ.എസ്.ജ്യോതികുമാർ, അഭിലാഷ് മധു എന്നിവർ ഹാജരായി.
