തിരുവനന്തപുരം: വർക്കലയിൽ ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറി അമ്മയും മകളും മരിച്ച സംഭവത്തില്‍ ഒളിവില്‍ പോയ ഡ്രൈവർ കീഴടങ്ങി. റിക്കവറി വാന്‍ ഡ്രൈവര്‍ ടോണിയാണ് വര്‍ക്കല പോലീസിൽ കീഴടങ്ങിയത്. ഇയാളെ മെഡിക്കല്‍ പരിശോധനയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കും.
ബുധനാഴ്ചയാണ് ടോണി സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ഞായറാഴ്ച രാത്രി 10 മണിക്കായിരുന്നു അപകടം നടന്നത്. പേരേറ്റില്‍ കൂട്ടിക്കട തൊടിയില്‍ ഭഗവതിക്ഷേത്രത്തിലെ ഉത്സവം കണ്ട് മടങ്ങുന്നവർക്കിടയിലേക്ക് റിക്കവറി വാഹനം ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ വര്‍ക്കല പേരേറ്റില്‍ രോഹിണി(53), മകള്‍ അഖില(19) എന്നിവരാണ് മരിച്ചത്.
അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വര്‍ക്കല കവലയൂര്‍ റോഡില്‍ കൂട്ടിക്കട ജങ്ഷന് സമീപം അമിതവേഗതയില്‍ വന്ന റിക്കവറി വാഹനം സ്കൂട്ടറിൽ ഇടിച്ചശേഷം റോഡിലൂടെ നടന്നുപോവുകയായിരുന്ന ആളുകളെ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അമ്മയെയും മകളെയും ഇടിച്ചശേഷം വാഹനം സമീപത്തെ കടയുടെ തിട്ടയിലിടിക്കുകയും ചെയ്തിരുന്നു. പിന്നീട് അവിടെ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഇടിച്ചാണ് വാഹനം നിന്നത്.