തൃശൂർ: കാർ ലോറിക്ക് പിന്നിൽ ഇടിച്ചുകയറി അപകടം. കൊല്ലം സ്വദേശിയായ ഡോക്ടർ മരിച്ചു. കൊടുങ്ങല്ലൂരിൽ എസ്എൻപുരത്ത് ദേശീയ പാതയിലാണ് അപകടമുണ്ടായത്. കൊല്ലം കടപ്പാക്കട, എൻട്ടിവി നഗറിൽ അൽ സാറാ നിവാസിൽ ഡോ.പീറ്റർ (56) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ അഞ്ചരയോടെ ആയിരുന്നു അപകടം. എസ് എൻ പുരം പൂവ്വത്തുംകടവ സർവ്വീസ് സഹകരണ ബാങ്കിന് സമീപത്തു വെച്ച് കാർ ലോറിക്ക് പിന്നിൽ ഇടിച്ചുകയറുകയായിരുന്നു. തെക്ക് ഭാഗത്തേക്ക് പോയിരുന്ന കാർ മുന്നിൽ പോയിരുന്ന ലോറിക്ക് പിന്നിലാണ് ഇടിച്ചത്.
അപകടത്തിൽ സാരമായി പരുക്കേറ്റ പീറ്ററിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇദ്ദേഹത്തിൻ്റെ ഭാര്യ ഡോ. സൂസനെ പരുക്കുകളോടെ കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയിൽ ചികിത്സയിലാണ്. തൃശ്ശൂർ മതിലകം പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
കനത്ത ചൂടിൽ വെന്തുരുകി കേരളം; ഒരാൾക്ക് സൂര്യാഘാതമേറ്റു
പാലക്കാട്: ചെർപ്പുളശ്ശേരി കോതകുർശ്ശിയിൽ ഓട്ടോ ഡ്രൈവർക്ക് സൂര്യാഘാതമേറ്റു. പനമണ്ണ അമ്പലവട്ടം വയലാലെ വീട്ടിൽ മോഹനന് (48) ആണ് മുതുകിൽ പൊള്ളലേറ്റത്. സൂര്യാഘാതമേറ്റ ഭാഗം വട്ടത്തിൽ തൊലി അടർന്ന നിലയിലാണുള്ളത്.
താരതമ്മ്യേന വെയിൽ കനക്കുന്ന സമയമായ ഉച്ചയ്‌ക്കായിരുന്നു സംഭവം. കോതകുർശ്ശിയിലെ വർക് ഷോപ്പ് പരിസരത്ത് വച്ചാണ് ഇയാൾക്ക് സൂര്യാഘാതമേറ്റത്. സംഭവം നടന്ന ഉടൻ തന്നെ കോതകുർശ്ശിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തി മോഹനൻ ചികിത്സ തേടി.