കൊച്ചി: മറൈൻ ഡ്രൈവിൽ നടന്ന ഫ്ലവർ ഷോക്കിടെ വീട്ടമ്മയ്ക്ക് വീണു പരിക്കേറ്റ സംഭവത്തിൽ സംഘാടകർക്കെതിരെ പോലീസ് കേസെടുത്തു. ജിസിഡിഎ, എറണാകുളം ജില്ലാ അഗ്രി – ഹോർട്ടികൾച്ചർ സൊസൈറ്റി എന്നിവർക്കെതിരെയാണ് നടപടി. പരിക്കേറ്റ ബിന്ദുവിന്‍റെ ഭർത്താവിന്റെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് ആണ് കേസെടുത്തത്.(Accident during flower show at Marine Drive; Case against organizers)
സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ നടപ്പാത ക്രമീകരിച്ചെന്നും ഇത് അപകടത്തിനിടയാക്കിയെന്നുമായിരുന്നു പരാതി. ഫ്ലവർ ഷോയ്ക്കിടെ നിലത്ത് ഇട്ടിരുന്ന പ്ലൈവുഡ് പലകയിൽ തെന്നി വീണ് പള്ളുരുത്തി സ്വദേശിയായ യുവതിയ്ക്ക് പരിക്കേൽക്കുകയായിരുന്നു. ഇരുവരുടെ കൈക്ക് രണ്ടു ഒടിവുകളാണ് സംഭവിച്ചത്. പവിലിയനിൽ വെള്ളം കെട്ടി ചെളിഞ്ഞ് കിടക്കുന്നതിനാൽ വരുന്നവർക്ക് നടക്കുന്നതിനായാണ് പ്ലൈവുഡുകൾ നിരത്തിയത്.
പരിക്കേറ്റ വീട്ടമ്മ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. സർജറി വേണമെന്ന് ഡോക്ടർമാർ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംഭവത്തില്‍ ജില്ലാ കളക്ടർക്കും ജിസിഡിഎ സെക്രട്ടറിക്കും കുടുംബം പരാതി നൽകിയിരുന്നു.