പെരുമ്പാവൂർ: റംബൂട്ടാൻ പഴത്തിന്‍റെ കുരു തൊണ്ടയിൽ കുരുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച് രണ്ടാഴ്ച പിന്നിടും മുമ്പ് വീണ്ടും സമാനദുരന്തം. Abscess of rambutan fruit got stuck in throat; six-year-old girl died tragically in Perumbavoor
ഇത്തവണ പെരുമ്പാവൂർ കണ്ടന്തറയിൽ ആറുവയസ്സുകാരിയാണ് ദാരുണമായി മരിച്ചത്. കണ്ടന്തറ ചിറയത്ത് വീട്ടിൽ മൻസൂറിന്‍റെ മകൾ നൂറ ഫാത്തിമ റംബൂട്ടാൻ പഴം കഴിക്കുന്നതിനിടെ കുരു തൊണ്ടയിൽ കുരുങ്ങുകയായിരുന്നു.
ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഞായറാഴ്ച വൈകീട്ട് 5.30നാണ് സംഭവം.
കണ്ടന്തറ ഹിദായത്തുൽ ഇസ്‍ലാം സ്കൂളിലെ യു.കെ.ജി വിദ്യാർഥിനിയാണ്. മാതാവ്: ജിഷമോൾ. സഹോദരങ്ങൾ: ബീമ ഫാത്തിമ, ഐസ ഫാത്തിമ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് കണ്ടന്തറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
ആഗസ്റ്റ് 25 ന് ഞായറാഴ്ച വൈകീട്ട് 6.30-നായിരുന്നു കോട്ടയം മീനച്ചിൽ മരുതൂർ സ്വദേശികളായ സുനിൽ ലാലിന്റേയും ശാലിനിയുടേയും മകൻ ബദരീനാഥ് (എട്ടുമാസം) സമാനരീതിയിൽ മരിച്ചത്.
റമ്പൂട്ടാൻ പഴം പൊളിച്ച് നൽകുന്നതിനിടെ കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.