ആലപ്പുഴ: ആലപ്പുഴയിൽ അസാധാരണമായ വൈകല്യങ്ങളുമായി നവജാത ശിശു ജനിച്ച സംഭവത്തിൽ ഡോക്ടര്‍ക്കെതിരെ പരാതി നൽകി കുടുംബം. ആലപ്പുഴയിലെ കടപ്പുറം കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിക്കെതിരെയാണ് പരാതി. ഗർഭം ധരിച്ചിരുന്ന സമയത്ത് സ്കാനിങ്ങിൽ പോലും വൈകല്യം സംബന്ധിച്ച സൂചന ഡോക്ടര്‍മാര്‍ നല്‍കിയില്ലെന്ന് കുഞ്ഞിന്റെ ‘അമ്മ ആരോപിച്ചു.(Abnormal deformities found in newborn baby in Alappuzha; Complaint against the doctor)
കുഞ്ഞിന്റെ മുഖം സാധാരണ രൂപത്തിലല്ല. വായ തുറക്കില്ല, കണ്ണ് യഥാസ്ഥാനത്തല്ല കൂടാതെ തുറക്കുന്നുമില്ല. ഹൃദയത്തിനു ദ്വാരം. ജനനേന്ദ്രിയം ഉണ്ടെങ്കിലും കാര്യമായ വൈകല്യം ഉണ്ട്. കൈയും കാലും വളഞ്ഞാണ്. ചെവി കൃത്യസ്ഥാനത്തല്ല. മലര്‍ത്തിക്കിടത്തിയാല്‍ നാക്ക് ഉള്ളിലേക്കു പോകും എന്നിങ്ങനെയുള്ള അസാധാരണമായ വൈകല്യങ്ങളോടുകൂടിയാണ് കുഞ്ഞ് ജനിച്ചത്. സംഭവത്തിൽ കുഞ്ഞിന്റെ അമ്മയായ ലജനത്ത് വാര്‍ഡ് നവറോജി പുരയിടത്തില്‍ സുറുമി (34) മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കി.
സുറുമിയ്ക്ക് പതിനൊന്നും അഞ്ചും വയസ്സുള്ള രണ്ടു പെൺകുട്ടികളുണ്ട്. മൂന്നാമത് ഗര്‍ഭിണിയായ ഇവരെ കടപ്പുറം ആശുപത്രിയിലെ രണ്ട് സീനിയര്‍ ഡോക്ടര്‍മാരാണ് ചികിത്സിച്ചിരുന്നത്. തുടർന്ന് ഡോക്ടര്‍മാര്‍ പറഞ്ഞ രണ്ടു സ്വകാര്യ ലാബുകളിലായിരുന്നു സ്‌കാനിങ് നടത്തിയിരുന്നത്. നവംബര്‍ രണ്ടിനു ശസ്ത്രക്രിയ ചെയ്യാമെന്നും അനസ്‌തേഷ്യ ഡോക്ടറെ കാണണമെന്നും പറഞ്ഞു. എന്നാൽ ആശുപത്രിയില്‍ നടന്ന പരിശോധനയെ തുടര്‍ന്ന് ഉടന്‍ മെഡിക്കല്‍ കോളജില്‍ എത്തിക്കണമെന്ന് ഡോക്ടര്‍ നിർദേശിക്കുകയായിരുന്നു.
തുടര്‍ന്ന് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരാണ് ഗര്‍ഭസ്ഥശിശുവിനു വൈകല്യങ്ങളുണ്ടെന്ന് സുറുമിയെ അറിയിച്ചത്. ജീവനോടെ കിട്ടാന്‍ സാധ്യത കുറവാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. എട്ടിനു ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തപ്പോഴാണ് അസാധാരണ വൈകല്യങ്ങള്‍ കണ്ടത്.